ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിന്റെ മങ്കാദിംഗ് ശ്രമത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബിയും എല്‍എസ്ജിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അവസാന ഓവറില്‍ ഹര്‍ഷല്‍ രവി ബിഷ്ണോയിയെ മങ്കാദിംഗിലൂടെ പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. എന്നിരുന്നാലും ഹര്‍ഷലിന് താളം തെറ്റിയതിനാല്‍ സ്റ്റംപുകള്‍ ഇളക്കാനായില്ല.
അവിടെ റണ്ണൗട്ട് ചെയ്യണമായിരുന്നെങ്കില്‍ ഹര്‍ഷല്‍ പട്ടേല്‍ ഒന്ന് സമയം എടുക്കേണ്ടതായിരുന്നു. അവന്‍ തിടുക്കത്തില്‍ പ്രതികരിച്ചതായി എനിക്ക് തോന്നി. അവസാന പന്തിലും രവി ബിഷ്ണോയി നേരത്തെ തന്നെ ക്രീസ് വിട്ടിരുന്നു. അവിടെയും റണ്ണൗട്ട് ചെയ്യാന്‍ അദ്ദേഹത്തിന് മറ്റൊരു അവസരം ഉണ്ടായിരുന്നു. അത് നിയമത്തിന്റെ പരിധിക്കകത്താണ്. രവി ബിഷ്ണോയിയുടെ തെറ്റായിരുന്നു അത്. ഹര്‍ഷല്‍ പട്ടേല്‍ തിരക്കുകാട്ടിയെന്ന് എനിക്ക് തോന്നുന്നു- വസീം ജാഫര്‍ പറഞ്ഞു.
ബോളിംഗ് ആക്ഷന് മുമ്പ് തന്നെ റണ്ണപ്പിനിടെ ബിഷ്ണോയിയെ ഹര്‍ഷല്‍ റണ്ണൗട്ട് ചെയ്യേണ്ടിയിരുന്നു. പക്ഷെ ഹര്‍ഷലിന്റെ മങ്കാദിംഗ് ശ്രമം അമ്പെ പരാജയമായി മാറി. ബിഷ്ണോയ് ക്രീസിനു പുറത്തേക്ക് ഇറങ്ങി നില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ട ഹര്‍ഷല്‍ റണ്ണൗട്ട് ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ റണ്ണപ്പിനിടെയായിരുന്നില്ല ഇത്. ബോളിംഗ് ആക്ഷന്‍ കാണിച്ച ശേഷം ഹര്‍ഷല്‍ സ്റ്റംപ് ചെയ്യാന്‍ നോക്കുകയായിരുന്നു.
പക്ഷെ സ്റ്റംപില്‍ നിന്നും അകെലയായതിനാല്‍ ഇതിനായില്ല. തുടര്‍ന്നു രണ്ടാം ശ്രമത്തില്‍ ഹര്‍ഷല്‍ സ്റ്റംപിലേക്കു ത്രോ ചെയ്തെങ്കിലും അംപയര്‍ അതു ഔട്ട് നല്‍കിയില്ല. ബോളിംഗ് ആക്ഷനു ശേഷം നോണ്‍ സ്ട്രൈക്കറെ സ്റ്റംപ് ചെയ്താല്‍ അതു അനുവദിക്കില്ലെന്നാണ് നിയമം. ഈ കാരണത്താലാണ് അംപയര്‍ അതു നോട്ടൗട്ട് വിളിച്ചത്.