2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 34 റണ്‍സിന് തകര്‍ത്താണ് ഗുജറാത്ത് പ്ലേ ഓഫില്‍ കടന്നത്. യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ കന്നി സെഞ്ച്വറിയുടെ കരുത്തിലാണ് ഗുജറാത്ത് ജയിച്ചുകയറിയത്.
ബാക്കിയുള്ള ഗുജറാത്ത് ബാറ്റിംഗ് യൂണിറ്റിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും, 58 പന്തില്‍ 101 റണ്‍സ് നേടി ഊര്‍ജം പകര്‍ന്നത് ഗില്‍ ആയിരുന്നു. 174.13 എന്ന അതിശയകരമായ സ്ട്രൈക്ക് റേറ്റില്‍ 13 ബൗണ്ടറികളും ഒരു സിക്സും ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.
മത്സരത്തിന് ശേഷമുള്ള അവതരണത്തിനിടെ, അഭിഷേക് ശര്‍മ്മയുമായുള്ള തന്റെ ഓണ്‍-ഫീല്‍ഡ് പോരാട്ടത്തെക്കുറിച്ച് ഗില്‍ രസകരമായ ഒരു പ്രസ്താവന നടത്തി. തനിക്കെതിരെ ബോള്‍ ചെയ്താല്‍ താന്‍ സിക്‌സ് അടിക്കുമെന്ന് അഭിഷേകിനോട് പറഞ്ഞിരുന്നെന്ന് ഗില്‍ വെളിപ്പെടുത്തി.
അഭിഷേക് ശര്‍മ്മയ്‌ക്കെതിരെ നേടിയ സിക്സാണ് എനിക്ക് ഏറ്റവും ആഹ്ലാദകരമായത്. എനിക്കെതിരെ ബോള്‍ ചെയ്താല്‍ ഞാന്‍ സിക്സ് അടിക്കുമെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു മത്സരത്തിന് ശേഷമുള്ള അവതരണത്തില്‍ ഗില്‍ പറഞ്ഞു.
2018 ലെ ലോകകപ്പില്‍ ഇന്ത്യയുടെ അണ്ടര്‍ 19 വിജയത്തിനിടെ ഗില്ലും അഭിഷേകും സഹതാരങ്ങളായിരുന്നു. ഇതുകൂടാതെ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇരുവരും പഞ്ചാബിനായി ഒരുമിച്ച് കളിച്ചിട്ടുണ്ട്.