പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തിലെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മോശം ഫീല്‍ഡിംഗില്‍ കുല്‍ദീപ് യാദവിനോട് ക്ഷമാപണം നടത്തി പേസര്‍ ആന്റിച്ച് നോര്‍ജെ. കുല്‍ദീപ് യാദവിന്റെ പന്തില്‍ ഡല്‍ഹി രണ്ട് ക്യാച്ചുകള്‍ കൈവിട്ടിരുന്നു. ഇത് മികച്ച പ്രകടനം പുറത്തെടുത്തിട്ടും പഞ്ചാബിനെതിരെ ഒരു വിക്കറ്റും നേടാന്‍ സ്പിന്നറെ അനുവദിച്ചില്ല.
ഒരു ക്യാച്ച് നോര്‍ജെ തന്നെ കൈവിട്ടപ്പോള്‍ മറ്റൊന്ന് യുവതാരം യാഷ് ദുലാണ് വിട്ടുകളഞ്ഞത്. മത്സരത്തില്‍ മൂന്നോവര്‍ എറിഞ്ഞ് കുല്‍ദീപ് 21 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഫീല്‍ഡര്‍മാര്‍ സഹകരിച്ചിരുന്നെങ്കില്‍ താരം രണ്ട് വിക്കറ്റുകള്‍ നേടേണ്ടതായിരുന്നു. കുല്‍ദീപ് യാദവ് ഈ രാത്രിയില്‍ ടീമിന്റെ മികച്ച ബൗളറായിരുന്നുവെന്നും വിക്കറ്റുകള്‍ നേടാന്‍ യോഗ്യനായിരുന്നെന്നും മത്സരത്തിന് ശേഷം നടന്ന അവതരണ ചടങ്ങില്‍ നോര്‍ട്ട്‌ജെ പറഞ്ഞു.
എന്നിരുന്നാലും, ഈ മോശം ഫീല്‍ഡിംഗ് മത്സര ഫലത്തെ ബാധിച്ചില്ല. മത്സരം 15 റണ്‍സിന് ഡല്‍ഹി വിജയിച്ചു. ഡല്‍ഹി ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ ഇന്നിങ്‌സ്, 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സില്‍ അവസാനിച്ചു.
ഇതോടെ പഞ്ചാബിന്റെ പ്ലേഓഫ് സാധ്യത മങ്ങി. 13 മത്സരങ്ങളില്‍നിന്ന 12 പോയിന്റുള്ള പഞ്ചാബ് പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ്. വെള്ളിയാഴ്ച രാജസ്ഥാനെതിരായ മത്സരത്തില്‍ വിജയിച്ചാലും മറ്റു ടീമുകളുടെ ഫലത്തെ കൂടി ആശ്രയിച്ചിരിക്കും പഞ്ചാബിന്റെ ഭാവി.