ഐപിഎല്‍ 2023ലെ തങ്ങളുടെ അവസാന ഹോം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് ദയനീയമായ തോല്‍വി ഏറ്റുവാങ്ങി. കെകെആര്‍ സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവര്‍ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ പിടിമുറുക്കിയപ്പോള്‍ സിഎസ്‌കെയുടെ പ്ലാനുകള്‍ ചതഞ്ഞരഞ്ഞു. ഇപ്പോഴിതാ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ നെറ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്നിട്ടും ചക്രവര്‍ത്തിയെ വിട്ടുകളഞ്ഞതില്‍ പരിതപിച്ചിരിക്കുകയാണ് സിഎസ്‌കെ ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്.
ചെന്നൈ സൂപ്പര്‍ കിംഗ്സ് വര്‍ഷങ്ങളായി ചില ലോകോത്തര സ്പിന്നര്‍മാരെ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയുടെ മികച്ച പ്രതിഭയെക്കുറിച്ച് നന്നായി അറിയാമായിരുന്നിട്ടും അവനെ അവരുടെ ടീമിലേക്ക് ചേര്‍ക്കുന്നതില്‍ സിഎസ്‌കെ പരാജയപ്പെട്ടു. ഐപിഎല്‍ 2019 ലേലത്തില്‍ പഞ്ചാബ് കിംഗ്സ് താരത്തെ സ്നാപ്പ് ചെയ്യുന്നതിനു മുമ്പ് ലെഗ് സ്പിന്നര്‍ സിഎസ്‌കെയുടെ നെറ്റ് ബോളറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
പഞ്ചാബില്‍ അദ്ദേഹത്തിന് കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നിരയില്‍ അദ്ദേഹം ഒരു പുതിയ തലം കണ്ടെത്തി. നെറ്റ് സെഷനുകളില്‍ ചക്രവര്‍ത്തി തങ്ങളെ വട്ടം കറക്കുമായിരുന്നിട്ടും അദ്ദേഹത്തെ നിലനിര്‍ത്താന്‍ സാധിക്കാതെ പോയതില്‍ തനിക്ക് ഖേദമുണ്ടെന്ന് സ്റ്റീഫന്‍ ഫ്‌ലെമിംഗ് വെളിപ്പെടുത്തി.
‘അയാളെ ലേലത്തില്‍ വാങ്ങാന്‍ കഴിയാത്തത് ഇപ്പോഴും ഞങ്ങളെ വേദനിപ്പിക്കുന്നു. വര്‍ഷങ്ങളോളം അവന്‍ ഞങ്ങളെ നെറ്റില്‍ വിറപ്പിച്ചിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് അവനെ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. വ്യത്യസ്ത ടീമുകളിലുള്ള തമിഴ്നാട് കളിക്കാര്‍ക്ക് അവനെക്കുറിച്ച് അറിയാമായിരുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് അവനെ രഹസ്യമായി സൂക്ഷിക്കാന്‍ കഴിഞ്ഞില്ല- ഫ്‌ലെമിംഗ് മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.