മൈതാനത്തോ, കളിക്കളത്തിന് പുറത്തോ വിവാദ പ്രസ്താവനകൾ നടത്തി ചർച്ചകളിൽ നിറഞ്ഞിട്ടുള്ള തീപ്പൊരി താരങ്ങൾ നിരവധിയാണ്. കളിക്കളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള ക്രിക്കറ്റ് താരങ്ങളിൽ പ്രധാനികളാണ് വിരാട് കോഹ്ലിയും ഗൗതം ഗംഭീറും. കഴിഞ്ഞ ദിവസം ലഖ്നൗവിലെ അടൽ ബിഹാരി വാജ്പേയി ഏകാന സ്റ്റേഡിയത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും ലഖ്നൗ സൂപ്പർ ജയന്റസും ഏറ്റുമുട്ടിയപ്പോൾ വിജയം ബാംഗ്ലൂരിനൊപ്പമായിരുന്നു.
മത്സരത്തിന് ശേഷം കോഹ്ലിയും ഗംഭീറും തമ്മിലുണ്ടായ തർക്കവും തുടർന്നുണ്ടായ വാക്കേറ്റവും എല്ലാം ചൂടൻ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. പേസർ നവീൻ ഉൾ ഹഖാണ് വഴക്കുകൾക്ക് തുടക്കമിട്ടത്, ഗംഭീർ വിഷയത്തിൽ ഇടപെട്ടതോടെ തർക്കം രൂക്ഷമായി. ഇപ്പോഴിതാ രണ്ട് ഇതിഹാസങ്ങൾ തമ്മിലുള്ള ഈ വഴക്കിനിടെ അവർ തമ്മിൽ പറഞ്ഞ കാര്യങ്ങൾ എന്തൊക്കെയെന്ന വിശദാംശങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
ലഖ്നൗ താരം കെയിൽ മെയേഴ്സ് എന്തിനാണ് തന്നോടും ടീമംഗങ്ങളോടും കളിക്കിടെ പല തവണ മോശമായി പെരുമാറിയതെന്ന് കോഹ്ലിയോട് ചോദിച്ചു. മറുപടിയായി തന്നെയെന്തിനാണ് മെയേഴ്സ് തുറിച്ച് നോക്കിയത് എന്ന് വിരാട് മെയേഴ്സിനോട് ചോദിച്ചുവെന്നും ദൃക്സാക്ഷികൾ പറയുന്നു. പിന്നീട് വിരാടും മെയേഴ്സും തമ്മിലുള്ള വാക്ക് തർക്കം രൂക്ഷമായതോടെ സാഹചര്യങ്ങൾ കൂടുതൽ വഷളായി. തുടർന്ന് വിഷയത്തിൽ ഗംഭീർ ഇടപെടുകയും ചെയ്തു.
നിങ്ങൾ എന്താണ് ഈ പറയുന്നതെന്ന് ഗംഭീർ കോഹ്ലിയോട് ചോദിച്ചപ്പോൾ താങ്കളോട് ഒന്നും പറഞ്ഞില്ലല്ലോ എന്നും , എന്തിനാണ് ഇതിൽ ഇടപെടുന്നതെന്നും കോഹ്ലി തിരികെ ചോദിച്ചതോടെ വഴക്ക് മറ്റൊരു തലത്തിലേക്ക് കടന്നു. ഇതിന് മറുപടിയായി ഗംഭീർ “നീ എന്റെ താരങ്ങളെ മോശം പദങ്ങൾ കൊണ്ട് നേരിട്ടു എന്നും അങ്ങനെ ചെയ്യുന്നത് കുടുംബത്തെ അധിഷേപിക്കുന്നത് പോലെയാണെന്നും” പറഞ്ഞു.
Read more
വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന വിരാട് ‘അങ്ങനെ ആണെങ്കിൽ നിങ്ങൾ നിങ്ങളുടെ കുടുംബത്തിനെ സംരക്ഷിക്കാൻ’ കോഹ്ലി പറഞ്ഞു. ശേഷം സഹതാരങ്ങൾ ഇരുവരെയും കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതെ മാറ്റുക ആയിരുന്നു. കോഹ്ലിയും ഗംഭീറും തമ്മിലുള്ള വഴക്ക് എന്തായാലും ചൂടേറിയ ചർച്ചകൾക്കാണ് വഴി തെളിച്ചത്.