ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ പതിനേഴാം സീസണില്‍ രാജസ്ഥാന് റോയല്‍സിനെതിരായ എലിമിനേറ്റര്‍ പോര് ആര്‍സിബിയ്ക്ക് മറികടക്കാനായില്ല. ബാറ്റിംഗിലും ഫീല്‍ഡിംഗിലും അവര്‍ സാധാരണക്കാരായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്പിച്ച ബെംഗളൂരു കളിക്കാര്‍ ഏറെ നേരം ആഘോഷിച്ചിരുന്നു. എന്നിരുന്നാലും, മുന്‍ ചെന്നൈ താരം അമ്പാട്ടി റായിഡുവിന് അത് അത്ര നന്നായി തോന്നിയില്ല. ഇപ്പോഴിതാ ടൂര്‍ണമെന്റില്‍നിന്ന് പുറത്തായതിന് ശേഷം ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ഫ്രാഞ്ചൈസിയെ പരിഹസിച്ചു രംഗത്തുവന്നിരിക്കുകയാണ് അദ്ദേഹം.
ആക്രമണാത്മകമായ ആഘോഷങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് ഐപിഎല്‍ ട്രോഫി നേടാനാവില്ലെന്ന് ആര്‍സിബി മനസ്സിലാക്കണം. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് വിജയം നേടാനാകില്ല. ട്രോഫി കരസ്ഥമാക്കാന്‍ നിങ്ങള്‍ക്ക് ശരിയായ ടീമും പ്ലേഓഫിലെ മികച്ച പ്രകടനവും ആവശ്യമാണ്.
ഇന്ത്യന്‍ കളിക്കാരെയും പ്രാദേശിക പരിശീലകരെയും ബെംഗളൂരുവിന് വിശ്വസിക്കേണ്ടിവരും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇന്ത്യന്‍ പ്രതിഭകളെ നിങ്ങള്‍ക്ക് അവഗണിക്കാനാവില്ല. സിഎസ്കെ, മുംബൈ, കെകെആര്‍ എന്നീ ടീമുകള്‍ ഇന്ത്യന്‍ കളിക്കാരുടെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ മികച്ച പ്രകടനം നടത്തുന്നത്- അമ്പാട്ടി റായിഡു പറഞ്ഞു.
അതേസമയം മെയ് 24ന് ക്വാളിഫയര്‍ 2ല്‍ രാജസ്ഥാന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.