ഐപിഎല്‍ 2024 ലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് (GT) നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ (CSK) ചെപ്പോക്കില്‍ നേരിട്ടു. എന്നാല്‍ യുവനായകന്‍ ശുഭ്മാന്‍ ഗില്ലിന് സീസണിലെ തുടര്‍ച്ചയായ രണ്ടാം വിജയം നേടുന്നതില്‍ നിന്ന് സിഎസ്‌കെയെ തടയാന്‍ കഴിഞ്ഞില്ല. തോല്‍വിയ്ക്ക് പുറമേ മത്സരത്തില്‍ മറ്റൊരു തിരിച്ചടിയും ഗില്ലിന് നേരിടേണ്ടിവന്നു. മത്സരത്തിലെ ടീമിന്റെ സ്ലോ ഓവര്‍ നിരക്ക് കാരണം ക്യാപ്റ്റന്‍ ഗില്ലിന് പിഴ ചുമത്തി. 12 ലക്ഷം രൂപ താരം പിഴ ഒടുക്കണം.
ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച സിഎസ്‌കെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിതിരെ 63 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കി. 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സിന്റെ ഇന്നിംഗ്‌സ് 143 ല്‍ അവസാനിച്ചു.
ശിവം ദുബൈ (51), റുതുരാജ് ഗെയ്കവാദ് (46), രചിൻ രവീന്ദ്ര (46) എന്നിവരുടെ ഇന്നിംഗ്‌സാണ് ചെന്നൈയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ശിവം ദുബെയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.
ചെന്നൈ ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത്, മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പോലും വിജയപ്രതീക്ഷ നല്‍കിയില്ല. ആദ്യ മത്സരം ജയിച്ച പോരാട്ടവീര്യത്തിന്റെ അംശം പോലും ഗുജറാത്ത് പുറത്തെടുത്തില്ല. 31 പന്തിൽ 37 റൺ എടുത്ത് സായി സുദർശനാണ് അവരുടെ ടോപ് സ്‌കോറർ.