മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎലിലെ തങ്ങളുടെ ഒമ്പതാം വിജയം രേഖപ്പെടുത്തി. ഇതോടെ രണ്ട് തവണ ചാമ്പ്യന്‍മാരായ അവര്‍ പ്ലേഓഫിലേക്ക് യോഗ്യത നേടി. പക്ഷേ പ്ലേഓഫ് സന്തോഷത്തില്‍ നില്‍ക്കുന്ന കെകെആറിന് നിരാശ സമ്മാനിച്ച് ടീം താരത്തിന് പിഴ വിധിച്ചിരിക്കുകയാണ് ബിസിസിഐ.
കൊല്‍ക്കത്ത താരം രമണ്‍ദീപ് സിംഗിന് മോശം പെരുമാറ്റത്തിന്റെ പേരില്‍ ബിസിസിഐ മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി. ഈഡന്‍ ഗാര്‍ഡന്‍സില്‍ മുംബൈയ്ക്കെതിരായ മത്സരത്തില്‍ താരം പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നായിരുന്നു ആരോപണം. മാച്ച് റഫറി ചുമത്തിയ കുറ്റങ്ങള്‍ രമണ്‍ദീപ് അംഗീകരിച്ചു.
ലെവല്‍ 1 കുറ്റകൃത്യത്തിന്റെ കാര്യത്തില്‍ ഉദ്യോഗസ്ഥന്റെ തീരുമാനം അന്തിമവും നിര്‍ബന്ധവുമാണ്. അതേസമയം താരത്തിന്റെ തെറ്റായ പ്രവൃത്തി എന്താണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. 8 പന്തില്‍ 1 സിക്‌സും 1 ഫോറും സഹിതം പുറത്താകാതെ 17 റണ്‍സ് നേടിയ താരം മത്സരത്തില്‍ മികച്ചുനിന്നിരുന്നു.
മഴമൂലം മത്സരം 16 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. മുംബൈയുടെ മറുപടി എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 139 റണ്‍സില്‍ അവസാനിച്ചു.