IPL 2024: പഞ്ചാബിനെതിരായ 'ചതി', ടിം ഡേവിഡിനും പൊള്ളാര്‍ഡിനും എതിരെ ബിസിസിഐയുടെ കര്‍ശന നടപടി

ഐപിഎലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ നിയമങ്ങള്‍ ലംഘിച്ചതിന് മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് താരം ടിം ഡേവിഡിനും ബാറ്റിംഗ് കോച്ച് കീറോണ്‍ പൊള്ളാര്‍ഡിനും എതിരെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) കര്‍ശന നടപടി സ്വീകരിച്ചു. ഏപ്രില്‍ 18ന് മുള്ളന്‍പൂരിലെ പിസിഎ ന്യൂ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇരുവര്‍ക്കും ബിസിസിഐ പിഴ ചുമത്തി.

ഡേവിഡും പൊള്ളാര്‍ഡും ആരോപണങ്ങള്‍ അംഗീകരിച്ചതിന് പിന്നാലെ അവരുടെ മാച്ച് ഫീസിന്റെ 20 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത്. ‘ഡേവിഡും പൊള്ളാര്‍ഡും ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.20 പ്രകാരം ലെവല്‍ 1 കുറ്റം ചെയ്തു. ഡേവിഡിനും പൊള്ളാര്‍ഡിനും മാച്ച് ഫീയുടെ 20 ശതമാനം വീതം പിഴ ചുമത്തി. ഇരുവരും കുറ്റം സമ്മതിക്കുകയും മാച്ച് റഫറിയുടെ അനുമതി സ്വീകരിക്കുകയും ചെയ്തു. പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘനങ്ങള്‍ക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്” ബിസിസിഐ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരമോന്നത സമിതി കാരണം വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും എംഐ ഇന്നിംഗ്സിന്റെ 15-ാം ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും തിലക് വര്‍മ്മയെയും വൈഡ് കോളിനായി ഡിആര്‍എസിലേക്ക് പോകാന്‍ ഡഗൗട്ടിരുന്ന് സിഗ്‌നല്‍ നല്‍കിയതിനാണ് ഇരുവര്‍ക്കും പിഴ ചുമത്തിയതെന്ന് വ്യക്തമാണ്.

Kieron Pollard and Tim David found guilty, BCCI takes action for DRS signals to Suryakumar Yadav from dugout | Cricket - Hindustan Times

പതിനഞ്ചാം ഓവറിലെ അവസാന പന്തില്‍ അര്‍ഷ്ദീപ് സിംഗ് വൈഡ് യോര്‍ക്കര്‍ എറിഞ്ഞെങ്കിലും സൂര്യകുമാര്‍ യാദവിന് പന്തില്‍ ബാറ്റ് എത്തിക്കാനായില്ല. അമ്പയര്‍ അത് വൈഡ് വിളിച്ചതമില്ല. ഇത് സ്‌കൈയെ അത്ഭുതപ്പെടുത്തി. എന്നിരുന്നാലും, അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്യാന്‍ ഡഗൗട്ടിലിരുന്ന് കീറോണ്‍ പൊള്ളാര്‍ഡും ടിം ഡേവിഡും രണ്ട് ബാറ്റര്‍മാരോടും ഡിആര്‍എസിലേക്ക് പോകാന്‍ ആംഗ്യം കാണിക്കുന്നത് കണ്ടു. തുടര്‍ന്ന് സൂര്യ റിവ്യൂവിന് പോയി. ഇത് അമ്പയര്‍ അനുവദിച്ചതില്‍ പിബികെഎസ് ക്യാപ്റ്റന്‍ സാം കുറാന്‍ അസ്വസ്ഥനായി കാണപ്പെട്ടു. എന്നിരുന്നാലും മൂന്നാം അമ്പയര്‍ മുംബൈക്ക് അനുകൂലമായി വിധിക്കുകയും പന്ത് വൈഡ് നല്‍കുകയും ചെയ്തു.

കളിക്കാര്‍ക്കും ടീം ഒഫീഷ്യല്‍സിനും വേണ്ടിയുള്ള ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.15 (ബി) പ്രകാരം, ഡഗൗട്ടില്‍ ഇരിക്കുന്ന കളിക്കാരില്‍ നിന്നും ഒഫീഷ്യലുകളില്‍ നിന്നും സഹായം തേടാന്‍ കളിക്കാരന് അനുവാദമില്ല.