ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിക്കാൻ തുടങ്ങിയത് മുതൽ വ്യത്യസ്തനായ താരമായി മാറിയിരിക്കുകയാണ് ശിവം ദുബെ. അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങുന്ന ശിവം ദുബൈ ഫാസ്റ്റ് ബോളര്മാര്ക്കും സ്പിന്നര്മാര്ക്കും എതിരെ ആധിപത്യം സ്ഥാപിക്കുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഇന്നലെ നടന്ന മത്സരത്തിൽ മൂന്ന് സിക്‌സറും ഒരു ഫോറും പറത്തി 28 റൺസ് നേടി താരം ചെന്നൈ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് 2024 ടീമിൽ ദുബെയ്ക്ക് അവസരം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുൻ താരം അമ്പാട്ടി റായിഡു ടീം ഇന്ത്യയ്ക്കും സെലക്ടർമാർക്കും മുന്നറിയിപ്പ് നൽകി. ടീം മാനേജ്‌മെൻ്റും സെലക്‌ടർമാരും താരത്തിന്റെ കഴിവിൻ്റെ നേർക്കാഴ്ചകൾ കണ്ടിട്ടും വർഷങ്ങളോളം താരത്തിന് അവസരം നൽകാതെ ഇരുന്നു. എന്നിരുന്നാലും, തീരുമാനങ്ങൾ എടുക്കുന്നവർ അവരുടെ തെറ്റ് മനസ്സിലാക്കി, ഇപ്പോൾ അദ്ദേഹം ടി20യിൽ ഇന്ത്യക്കായി സ്ഥിരമായി ഇറങ്ങാറുണ്ട്.
അമ്പാട്ടി റായിഡു പറഞ്ഞത് ഇങ്ങനെയാണ്- ” 2024ലെ ഐസിസി ടി20 ലോകകപ്പിൽ ശിവം ദുബെ ഇന്ത്യക്കായി കളിച്ചില്ലെങ്കിൽ, അതായിരിക്കും ഏറ്റവും വലിയ തെറ്റ്. അവന് ഒറ്റയ്ക്ക് മത്സരങ്ങൾ ജയിക്കാൻ കഴിയും. എതിരാളികളുടെ കുതിപ്പിനെ തകർക്കാൻ കൂറ്റൻ ഷോട്ടുകൾ അടിക്കാൻ കഴിയുന്നതിനാൽ അഞ്ചാം സ്ഥാനത്ത് ഇന്ത്യക്ക് ഒരു ലോട്ടറി തന്നെയാണ് ദുബെ. എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹം ഇതിനകം ടീമിൽ ഇടം നേടിയിട്ടുണ്ട്, ”അമ്പാട്ടി റായിഡു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ രണ്ട് തവണ ചാമ്പ്യന്മാരായ കെകെആറിനെതിരെ സിഎസ്‌കെ തങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുത്തു. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഫ്രാഞ്ചൈസി പവർപ്ലേ ഓവറുകളിൽ അമ്പതിലധികം റൺസ് നേടിയിട്ടും ബൗളർമാർ എതിരാളികളെ 20 ഓവറിൽ 135 റൺസിൽ ഒതുക്കി.
രവീന്ദ്ര ജഡേജയും തുഷാർ ദേശ്പാണ്ഡെയും യഥാക്രമം മൂന്ന് വിക്കറ്റ് വീതം നേടി. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് അർദ്ധ സെഞ്ച്വറി നേടി 17.4 ഓവറിൽ ടീമിന് 7 വിക്കറ്റിന്റെ ജയം സമ്മാനിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുള്ള ചെന്നൈ പോയിന്റ് പട്ടികയിൽ അഞ്ചാമതും 4 കളികളിൽ നിന്ന് 6 പോയിന്റുമായി കെകആർ രണ്ടാം സ്ഥാനത്താണ്.