IPL 2024: ആരാധകരുടെ ആശങ്കയ്ക്ക് വിരാമമാകുന്നു, കോണ്‍വെയുടെ പകരക്കാരനെ കണ്ടെത്തി സിഎസ്കെ

ഐപിഎല്‍ പുതിയ സീസണ്‍ പടിവാതിലില്‍ നില്‍ക്കെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വെട്ടിലാക്കിയ വാര്‍ത്തയായിരുന്നു ടീമിന്റെ ഓപ്പണറും ന്യൂസിലാന്‍ഡ് താരവുമായ ഡെവന്‍ കോണ്‍വെയുടെ പരിക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കിടെ കോണ്‍വെയുടെ ഇടതു തള്ളവിരലിന് പരിക്കേല്‍ക്കുകയായിരുന്നു. താരം ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. താരത്തിന് എട്ടാഴ്ചത്തെ വിശ്രമം ആവശ്യമാണ്. ഇതോടെ താരം ഐപിഎലിലെ ആദ്യ ഭാഗത്തിന് ഉണ്ടാകില്ലെന്ന് ഉറപ്പായി.

ഇതോടെ പകരക്കാരനെ തേടാന്‍ സിഎസ്‌കെ ഒരുങ്ങിയിരുന്നു. കോണ്‍വെയ്ക്ക് പകരക്കാരനായി ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ട് വരുമെന്നാണ് പുതിയ വാര്‍ത്ത. കഴിഞ്ഞ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരമാണ് സാള്‍ട്ട്. ഇക്കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ സാള്‍ട്ടിന്റെ പേരുണ്ടായിരുന്നെങ്കിലും ആരും താരത്തെ വാങ്ങിയിരുന്നില്ല.

ഐപിഎലില്‍ അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈയ്ക്ക് വേണ്ടി ഗംഭീര പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള താരമാണ് കോണ്‍വെ. അദ്ദേഹത്തിന്റെ അഭാവം ഐപിഎല്‍ 2024 ല്‍ സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയായിരിക്കും.

Read more

ഐപിഎല്‍ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആര്‍സിബിയെ നേരിടും.