ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024-ന് മുമ്പായി ഗുജറാത്ത് ടൈറ്റന്‍സ് ഹെഡ് കോച്ച് ആശിഷ് നെഹ്റ ആത്മവിശ്വാസത്തിലാണ്. ഹാര്‍ദിക് പാണ്ഡ്യ ടീം വിട്ടതോടെ ശുഭ്മാന്‍ ഗില്ലിന് കീഴില്‍ ഇറങ്ങാനൊരുങ്ങുകയാണ് ഗുജറാത്ത്. ഇത്തവണ ടീമിന്റെ തുറുപ്പുചീട്ട് ആരാണെന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യ പരിശീലകനായ ആശിഷ് നെഹ്റ. ശുഭ്മാന്‍ ഗില്ലിനേയും റാഷിദ് ഖാനേയുമല്ല പുതിയതായി ടീമിലേക്കെത്തിയ ഷാരൂഖ് ഖാനെയാണ് തുറുപ്പുചീട്ടായി നെഹ്റ പറയുന്നത്.
ഇത്തവണ ഷാരൂഖ് ഖാനെ പ്രധാന അഭിനേതാവായാണ് ഞങ്ങള്‍ കളത്തിലിറക്കാന്‍ പോകുന്നത്. ഫിനിഷര്‍ റോളിലാവും ഷാരൂഖ് കളിക്കുക. ഐപിഎല്‍ വളരെ ദീര്‍ഘമായ ടൂര്‍ണമെന്റാണ്. മൂന്നോ നാലോ മത്സരങ്ങള്‍ക്കൊണ്ട് അവസാനിക്കില്ല. മെയ്യിലും ജൂണിലും കാലാവസ്ഥ സാഹചര്യം അത്ര അനുകൂലമല്ല. താരങ്ങള്‍ക്ക് വളരെ പ്രയാസമാണ്. പ്രധാനമായും പേസ് ബോളര്‍മാര്‍ക്ക്. പരിക്കിനുള്ള സാധ്യതയും ഉയരും.
എല്ലാ താരങ്ങളും വളരെ പ്രധാനപ്പെട്ടവരാണ്. അതുപോലെ തന്നെ അനുഭവസമ്പത്തുള്ളവരും. അസ്മത്തുല്ല ഒമര്‍സായ് പ്രതിഭാശാലിയായ ഓള്‍റൗണ്ടറാണ്. അവന് മികച്ച സീസണായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്- നെഹ്റ പറഞ്ഞു.
Read more
നെഹ്റയുടെ പരിശീലനത്തിന് കീഴില്‍ നിരവധി യുവതാരങ്ങള്‍ ലീഗില്‍ പ്രകടനം നടത്തിയിട്ടുണ്ട്. ലേലത്തില്‍ യുവതാരങ്ങള്‍ക്കായി ജിടി ധാരാളം പണം ചെലവഴിച്ചു. ടൂര്‍ണമെന്റില്‍ പരിമിതമായ വിജയം നേടിയിട്ടും 7.4 കോടി രൂപയ്ക്കാണ് ഷാരൂഖ് ഖാനെ ടീം സ്വന്തമാക്കിയത്. 33 ഐപിഎല്‍ മത്സരങ്ങളില്‍നിന്ന് 20.29 ശരാശരിയില്‍ 426 റണ്‍സാണ് തമിഴ്നാട് താരം നേടിയത്.