ഐപിഎല്‍ 2024ലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരം ബോളര്‍മാര്‍ക്ക് ഒരു പേടിസ്വപ്നമായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ 19.4 ഓവറില്‍ 262 റണ്‍സിന്റെ ലോക റെക്കോര്‍ഡ് ചേസ് സന്ദര്‍ശകരായ പഞ്ചാബ് കിംഗ്‌സ് പൂര്‍ത്തിയാക്കി.ജോണി ബെയര്‍സ്റ്റോ (108), ശശാങ്ക് സിംഗ് (68), പ്രഭ്സിമ്രാന്‍ സിംഗ് (54) എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് കൊല്‍ക്കത്തയെ തകര്‍ത്തത്.
കളിക്കിടെ ശശാങ്ക് സിംഗിനെ അശുതോഷ് ശര്‍മ്മ എന്ന് വിളിച്ചതിന് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ മാപ്പ് പറഞ്ഞു. 28 പന്തില്‍ 68 റണ്‍സെടുത്ത സിംഗ് 8 സിക്‌സും 2 ഫോറും സഹിതം 242.85 എന്ന സ്ട്രൈക്കില്‍ റണ്‍സെടുത്തു.
ഭോഗ്ലെ ഗെയിമിനെ ഒരു സിനിമയുമായി താരതമ്യം ചെയ്തു. ”ഞാന്‍ ഒരു ക്രിക്കറ്റ് മാച്ച് കാണാന്‍ പോയിരുന്നു, പക്ഷേ ഒന്നും കണ്ടില്ല. അത് ഞങ്ങളുടെ കണ്‍മുന്നില്‍ ഒരു സിനിമയായിരുന്നു. ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമായിരുന്നു. ശശാങ്കും ബെയര്‍സ്റ്റോയും ചേര്‍ന്ന് 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു, അതില്‍ 68 റണ്‍സ് ഇന്ത്യന്‍ ബാറ്ററുടെ പേരിലായിരുന്നു. അത് അദ്ദേഹത്തിന്റെ ഷോട്ടുകളുടെ റേഞ്ച് കാണിക്കുന്നു’ ഭോഗ്ലെ കൂട്ടിച്ചേര്‍ത്തു.
തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കെകെആര്‍. ഇതുവരെ അഞ്ച് മത്സരങ്ങള്‍ അവര്‍ ജയിക്കുകയും മൂന്നില്‍ തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒമ്പത് കളികളില്‍ നിന്ന് 6 പോയിന്റുള്ള പഞ്ചാബിന് ഒമ്പതാം സ്ഥാനത്താണ്.