ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റനായി ഋതുരാജ് ഗെയ്ക്വാദിനെ അംഗീകരിക്കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. യുവ നായകന്‍ മുഖം മാത്രമാണെന്നും എംഎസ് ധോണിയാണ് ഇപ്പോഴും ടീമിന്റെ യഥാര്‍ത്ഥ ക്യാപ്റ്റനാണെന്നും അദ്ദേഹം പറഞ്ഞു.
എംഎസ് ധോണിയൊപ്പമുള്ളതിനാല്‍ ഋതുരാജ് ഗെയ്ക്വാദ് ഒരു മുഖം മാത്രമാണ്. ധോണിയാണ് ടീമിന്റെ യഥാര്‍ത്ഥ നായകന്‍. സ്റ്റമ്പിന് പിന്നില്‍ നിന്ന് എല്ലാ സുപ്രധാന തീരുമാനങ്ങളും അവന്‍ എടുക്കുന്നു. അത്ര എളുപ്പത്തില്‍ നിങ്ങള്‍ക്ക് അദ്ദേഹത്തെ ക്യാപ്റ്റന്‍സിയില്‍നിന്നും മാറ്റാന്‍ കഴിയില്ല- കൈഫ് പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 ആരംഭിക്കുന്നതിന് മുമ്പ് ധോണി നായകസ്ഥാനം ഋതുരാജിനെ ഏല്‍പ്പിച്ചു. താന്‍ വിരമിക്കുന്നതിന് മുമ്പ് ഒരു പുതിയ നേതാവിനെ വളര്‍ത്തിയെടുക്കാന്‍ ധോണി ആഗ്രഹിച്ചു. പുതിയ നേതാവിനോട് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ പറഞ്ഞ ധോണി ഋതുരാജിന് സ്റ്റമ്പിന് പിന്നില്‍നിന്ന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
എന്നിരുന്നാലും, നിലവില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ തോറ്റ സിഎസ്‌കെ ബുദ്ധിമുട്ടുകയാണ്. എട്ട് കളികളില്‍ അഞ്ചെണ്ണം ജയിച്ച അവര്‍ പോയിന്റ് പട്ടികയില്‍ നാലാമതുണ്ട്.