IPL 2024: 'അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അവന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും'; വമ്പന്‍ പ്രവചനം നടത്തി ഇര്‍ഫാന്‍ പത്താന്‍

ഐപിഎല്‍ 2024-ല്‍ റിയാന്‍ പരാഗിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജസ്ഥാന്‍ റോയല്‍സിനായി തുടര്‍ച്ചയായി മോശം പ്രകടനം നടത്തിയതിന് ശേഷം പരാഗ് ക്രൂരമായി പരിഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും, ഫ്രാഞ്ചൈസി യുവതാരത്തിന് മികച്ച പിന്തുണ നല്‍കി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അസമിനായി തകര്‍പ്പന്‍ പ്രകടനമാണ് പരാഗ് കാഴ്ചവെച്ചത്. അത് ഐപിഎലിലും തുടരുകയാണ്.

തന്റെ വിമര്‍ശകരെ ഞെട്ടിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് താരം ഈ സീസണില്‍ കാഴ്ചവയ്ക്കുന്നത്. സീസണിലെ തന്റെ ആദ്യ മത്സരത്തില്‍, പരാഗ് 29 പന്തില്‍ 43 റണ്‍സ് അടിച്ചുകൂട്ടി രാജസ്ഥാനെ ഉയര്‍ന്ന നിലയില്‍ എത്തിക്കാന്‍ സഹായിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മുന്‍ മത്സരത്തില്‍ മറുവശത്ത് വിക്കറ്റുകള്‍ വീഴുന്നത് കണ്ട അദ്ദേഹം അതിലും മികച്ചതായിരുന്നു. ഡല്‍ഹി ബോളിംഗ് നിരയെ തലങ്ങും വിലങ്ങും പായിച്ച പരാഗ് 45 പന്തുകളില്‍ നിന്നും 84 റണ്‍സാണ് നേടിയത്. എഴ് ഫോറുകളും ആറ് സിക്സുകളും ഉള്‍പ്പെടുന്നതായിരുന്നു 22 കാരനായ പരാഗിന്റെ ഇന്നിംഗ്സ്.

പരാഗിന്റെ പ്രകടനത്തിന് പ്രശംസയാണ് ലഭിച്ചത്. പരാഗിന്റെ പ്രകടനത്തെ പ്രശംസിച്ച ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പരാഗ് ഇന്ത്യന്‍ ടീമിലെത്തുമെന്നും പ്രവചിച്ചു.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ റിയാന്‍ പരാഗ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കും. ഒരിക്കലും ആഭ്യന്തര ക്രിക്കറ്റിനെ വിലകുറച്ച് കാണരുത്. നിങ്ങളുടെ തന്നെ നല്ലതിനാണത്. റിയാന്‍ പരാഗിനെ നോക്കൂ. അവിടെ ഒരുപാട് റണ്‍ നേടാന്‍ സാധിച്ചതിനാലാണ് അവന് ഐപിഎല്ലില്‍ നന്നായി കളിക്കാന്‍ സാധിക്കുന്നത്- പഠാന്‍ എക്‌സില്‍ കുറിച്ചു.