ഐപിഎല്‍ 17ാം സീസണില്‍ ഗുജറാത്തിനെതിരെ ബാറ്റിംഗ് ഓര്‍ഡറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ താഴേക്ക് ഇറങ്ങിയതിനെ വിമര്‍ശിച്ച് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി. ഓസീസ് ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസും തിലക് വര്‍മ്മയ്ക്കും അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനെ നേരിടാന്‍ കഴിയാതെ ബുദ്ധിമുട്ടിയപ്പോള്‍ ടിം ഡേവിഡിനെ തന്നെക്കാള്‍ മുന്നില്‍ അയച്ചത് ഹാര്‍ദ്ദിക്ക് വരുത്തിയ വലിയ മണ്ടത്തരമായാണ് വിലയിരുത്തപ്പെടുന്നത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ധോണി ഏഴാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങി കളി ഫിനിഷ് ചെയ്യുന്നതിനെ അനുകരിക്കാനാണ് ഹാര്‍ദ്ദിക് ശ്രമിച്ചതെന്ന് വിമര്‍ശനം ഉണ്ട്. എന്നാല്‍ ധോണി ധോണിയാണെന്നും ഒരാള്‍ മറ്റൊരാളെ പോലെയാകാന്‍ നോക്കിയിട്ട് കാര്യമില്ലെന്നും ഷമി പറഞ്ഞു.
ധോണി, ധോണിയാണ്. ആര്‍ക്കും അദ്ദേഹമാവാന്‍ പറ്റില്ല. എല്ലാവര്‍ക്കും വ്യത്യസ്ത മനോനിലയാണുള്ളത്. അത് കോഹ്‌ലിയായാലും ധോണിയായാലും നിങ്ങളുടെ കഴിവിന് അനുസരിച്ചാണ് ഗ്രൗണ്ടില്‍ കളിക്കേണ്ടത്. കഴിഞ്ഞ സീസണില്‍ ഗുജറാത്തിലായിരുന്നപ്പോള്‍ ഹാര്‍ദ്ദിക് മൂന്നാം നമ്പറിലും നാലാം നമ്പറിലുമായിരുന്നു ബാറ്റിംഗിന് ഇറങ്ങിയിരുന്നത്.
ഹാര്‍ദ്ദിക്കിന് ആ പൊസിഷനില്‍ ബാറ്റ് ചെയ്ത് നല്ല പരിചയവുമുണ്ട്. പരമാവധി അഞ്ചാം നമ്പര്‍ വരെയൊക്കെയെ ഹാര്‍ദ്ദിക്കിന് കാത്തിരിക്കാനാവു. അല്ലാതെ ഏഴാ നമ്പറിലൊന്നും ഹാര്‍ദ്ദിക് ബാറ്റിംഗിന് ഇറങ്ങരുത്- ഷമി പറഞ്ഞു.