കഠിനാധ്വാനം ചെയ്ത ശേഷം വിക്കറ്റ് വലിച്ചെറിയുന്ന ശീലം പൃഥ്വി ഷായ്ക്കുണ്ട്. ഇത് തൻ്റെ കരിയറിൽ ഇതുവരെ പ്രതിനിധീകരിച്ച ടീമുകളിൽ നിന്ന് അദ്ദേഹത്തെ പല തവണ ബഞ്ച് ചെയ്യാനും അവസരം കൊടുക്കാതിരിക്കാനും കാരണമായി. തൻ്റെ ആയുധപ്പുരയിൽ എല്ലാ ഷോട്ടുകളും ഈ യുവ ബാറ്റർക്ക് ഉണ്ട്. കൂടാതെ ലോകത്തിലെ ഏത് ബൗളിംഗ് ആക്രമണത്തിലും ആധിപത്യം സ്ഥാപിക്കാൻ താരത്തിന് കഴിയും. പക്ഷേ നന്നായി കളിച്ചുവരുമ്പോൾ കളിക്കുന്ന മോശം ഷോട്ടുകൾ താരത്തിന്റെ പുറത്താക്കലിന് കാരണമാകും. ഐപിഎൽ 2024 ലെ ഡൽഹി ക്യാപിറ്റൽസും ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സും തമ്മിലുള്ള മത്സരത്തിലും ഇതുതന്നെ സംഭവിച്ചു.
22 പന്തിൽ 32 റൺസ് നേടിയ അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്. പക്ഷേ രവി ബിഷ്‌ണോയിക്കെതിരെ അശ്രദ്ധമായി കളിച്ച ഷോട്ട് നിക്കോളാസ് പൂരൻ്റെ ക്യാച്ചിലേക്ക് നയിച്ചു. ആറ് ബൗണ്ടറികൾ പറത്തി, 145.45 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം മനോഹരമായി തന്നെ കളിച്ചത്.
മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് ഷായോട് ദേഷ്യപ്പെട്ട് അദ്ദേഹത്തെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നു. “അവൻ അവിടെ എന്ത് ചെയ്യുകയായിരുന്നു? ഞാൻ ഡൽഹി ക്യാപിറ്റൽസിലായിരുന്നെങ്കിൽ അവനെ അടിക്കുമായിരുന്നു. ആ ഷോട്ടിൻ്റെ ആവശ്യമില്ല, അദ്ദേഹം ഡൽഹിയെ കുഴപ്പത്തിലാക്കി. നിങ്ങൾ നന്നായി ബാറ്റ് ചെയ്യുമ്പോൾ, നിങ്ങൾ മികച്ച ഇന്നിങ്‌സുകൾ കളിക്കണം. പക്ഷേ അശ്രദ്ധമായ ഷോട്ടുകൾക്ക് പോകുന്ന ഈ ശീലം പൃഥ്വിക്കുണ്ട്. ഇത് ഒഴിവാക്കേണ്ടതായിരുന്നു,” ഹർഭജൻ സിംഗ് സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.
മത്സരത്തിലേക്ക് വന്നാൽ ആദ്യം ബാറ്റ് ചെയ്ത് ലഖ്നൗ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഡൽഹി സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. ജേക് ഫ്രേസർ മക്‌ഗുർക്കിൻറെ അർധസെഞ്ചുറിയും പൃഥ്വി ഷായുടെ തകർപ്പൻ ബാറ്റിംഗ് മികവും കുൽദീപ് യാദവിന്റെ ബോളിംഗുമാണ് ടീമിനെ ജയിപ്പിച്ചത്.