ഐപിഎല്‍ 2024: ആര്‍സിബി ആരാധകരെ ആകാംക്ഷാഭരിതരാക്കി ആര്‍ച്ചറുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024-ന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധകരെ ആകാംക്ഷാഭരിതരാക്കിയിരിക്കുകയാണ് ജോഫ്ര ആര്‍ച്ചറുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി. ആര്‍ച്ചര്‍ ബെംഗളൂരുവിലെ ആര്‍സിബി കഫേ സന്ദര്‍ശിച്ചതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇത് ഇംഗ്ലണ്ട് ഫാസ്റ്റ് ബോളറെ ഐപിഎല്‍ 2024-ന് ആര്‍സിബി സൈന്‍ ചെയ്തേക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് കാരണമായി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2024 ജൂണില്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി മറ്റൊരു പരിക്ക് ഒഴിവാക്കാന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ജോഫ്ര ആര്‍ച്ചറോട് ഐപിഎല്‍ 2024 ല്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പറഞ്ഞിരുന്നു. ഐപിഎല്‍ 2022 ന് മുമ്പ് അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് എട്ട് കോടി രൂപയ്ക്ക് വാങ്ങിയ ആര്‍ച്ചറിനെ 2023 ലേലത്തില്‍ റിലീസ് ചെയ്തിരുന്നു.

ജോഫ്ര ആര്‍ച്ചര്‍ സസെക്സ് കൗണ്ടി ക്ലബ്ബിനൊപ്പമാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ആളൂരിലെ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ്സിഎ) ഗ്രൗണ്ടില്‍ നടന്ന ദ്വിദിന പരിശീലന മത്സരത്തില്‍ സസെക്സിനെതിരെ കര്‍ണാടകയ്ക്കായി അദ്ദേഹം ബോള്‍ ചെയ്തിരുന്നു. അണ്ടര്‍ 19, അണ്ടര്‍ 23, സീനിയര്‍ ടീമില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങളുള്ള ടീമില്‍ പകരക്കാരനായാണ് ആര്‍ച്ചറിന് ഇടം ലഭിച്ചത്.

ബെംഗളൂരുവില്‍ സസെക്‌സിനൊപ്പം 10 ദിവസത്തെ പരിശീലന ക്യാമ്പിനാണ് ജോഫ്ര ആര്‍ച്ചര്‍ എത്തിയത്. മറ്റൊരു ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ ലങ്കാഷെയറും അവരുടെ പരിശീലന ക്യാമ്പിനായി ബെംഗളൂരുവിലുണ്ട്. നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ലങ്കാഷെയറും സസെക്‌സും പരിശീലന മത്സരങ്ങള്‍ കളിക്കും.