ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

ഐപിഎല്‍ 17ാം സീസണില്‍ സണ്‍റൈസേഴ്‌സിനെ കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലില്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സിനെ എട്ട് വിക്കറ്റിന് കീഴടക്കിയാണ് കെകെആര്‍ ഫൈനലില്‍ പ്രവേശിച്ചത്. ലേലത്തില്‍ 24.75 കോടിയ്ക്ക് സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മിന്നും ബോളിംഗാണ് ഹൈദരാബാദിനെ തകര്‍ത്ത് ഫൈനലില്‍ പ്രവേശിക്കാന്‍ കെകെആറിന് കരുത്തായത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സണ്‍റൈസേഴ്സ് 19.3 ഓവറില്‍ 159-ന് പുറത്തായി. മൂന്ന് വിക്കറ്റ് നേടി മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹൈദരാബാദിനെ തകര്‍ത്തത്. രാഹുല്‍ ത്രിപാഠി 35 പന്തില്‍ 55 റണ്‍സ് നേടി. ഹെന്റിച്ച് ക്ലാസനും (32), ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും (30) ചേര്‍ന്നാണ് ടീം സ്‌കോര്‍ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത അനായാസം ജയം പിടിച്ചു. 13.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കെകെആര്‍ വിജയലക്ഷ്യം താണ്ടി. 24 ബോളില്‍ 58 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ ശ്രേയസ് അയ്യരാണ് കെകെആറിന്റെ ടോപ് സ്‌കോറര്‍. വെങ്കിടേഷ് അയ്യര്‍ 28 ബോളില്‍ 51 റണ്‍സെടുത്തും പുറത്താകാതെ നിന്നു.

റഹ്‌മനുല്ലാ ഗുര്‍ബാസ് 14 ബോളില്‍ 23, സുനില്‍ നരെയ്ന്‍ 16 ബോളില്‍ 21 എന്നിവരുടെ വിക്കറ്റാണ് കെകെആറിന് നഷ്ടമായത്. സണ്‍റൈസേഴ്‌സിനായി പാറ്റ് കമ്മിന്‍സ്, ടി നടരാജന്‍ എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്.

Read more