2022-ല്‍ ഫ്രാഞ്ചൈസിയുടെ തുടക്കം മുതല്‍ കെഎല്‍ രാഹുല്‍ ലഖ്നൗ സൂപ്പര്‍ ജയസന്റ്‌സിന്റെ ഭാഗമാണ്. 2022, 2023 വര്‍ഷങ്ങളിലെ ഐപിഎല്‍ പ്ലേഓഫുകളിലേക്ക് ടീമിനെ നയിക്കുന്നതില്‍ താരം വിജയിച്ചിരുന്നു. എന്നിരുന്നാലും, കെ എല്‍ രാഹുല്‍ തനിക്ക് കളിക്കാന്‍ ‘അനുയോജ്യമായ’ ഐപിഎല്‍ ഫ്രാഞ്ചൈസി ഏതെന്ന് ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ മുന്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) ആണ് രാഹുലിന്റെ സ്വപ്‌ന ടീം.
തന്റെ യൂട്യൂബ് ചാനലില്‍ രവിചന്ദ്രന്‍ അശ്വിനുമായി നടത്തിയ സംവാദത്തിലാണ് താന്‍ കര്‍ണാടകക്കാരനാണെന്നും ചിന്നസ്വാമി സ്റ്റേഡിയമാണ് തന്റെ ആദ്യ വീടെന്നും കെ എല്‍ രാഹുല്‍ പറഞ്ഞത്. എല്ലാവരും സ്വന്തം സംസ്ഥാനത്തിനോ സ്വന്തം നഗരത്തിനോ വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനാല്‍ ആര്‍സിബിക്ക് വേണ്ടി കളിക്കുന്നത് തനിക്ക് അനുയോജ്യമായ ഒരു സാഹചര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ഒരു കര്‍ണാടക കളിക്കാരനാണെന്ന വസ്തുത നിങ്ങള്‍ക്ക് ഒരിക്കലും മാറ്റാന്‍ കഴിയില്ല. ഞാന്‍ ബെംഗളൂരുവില്‍ നിന്നാണ്. കെസിഎ എന്റെ വീടാണ്, ആദ്യം ചിന്നസ്വാമി സ്റ്റേഡിയം, പിന്നെ ഐപിഎല്‍. എല്ലാവരും സ്വന്തം സംസ്ഥാനത്തിനോ സ്വന്തം നഗരത്തിനോ വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ ബെംഗളൂരുവില്‍ നിന്നുള്ളയാളായതിനാല്‍ ബെംഗളൂരുവിന് വേണ്ടി കളിക്കുന്നത് അനുയോജ്യമാകും- രാഹുല്‍ പറഞ്ഞു.
2013ലും 2016ലും രണ്ട് ഐപിഎല്‍ സീസണുകളില്‍ കെ എല്‍ രാഹുല്‍ ആര്‍സിബിക്ക് വേണ്ടി കളിച്ചു. 2016 സീസണില്‍ 4 അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ താരം 397 റണ്‍സ് നേടിയിരുന്നു.