ഐപിഎലില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ഒരു റണ്‍സിന് തോല്‍ക്കാനായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ വിധി. വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ ബോളിംഗാണ് ഹൈദരാബാദില്‍ റോയല്‍സിന് വിജയം നിഷേധിച്ചത്. മത്സരശേഷം നിര്‍ണായകമായ അവസാന ഓവറിലെ തന്റെ ചിന്താ പ്രക്രിയയെക്കുറിച്ച് ഭുവനേശ്വര്‍ കുമാര്‍ വെളിപ്പെടുത്തി.
ഇതാണ് എന്റെ രീതിയെന്ന് ഞാന്‍ കരുതുന്നു. മത്സരഫലത്തെക്കുറിച്ച് അവസാന ഓവറില്‍ ചിന്തിച്ചിരുന്നില്ല. സണ്‍റൈസേഴ്‌സ് താരങ്ങളും അക്കാര്യം ചര്‍ച്ച ചെയ്തില്ല. സാധാരണയായി പന്തെറിയുന്നതുപോലെ മാത്രം കരുതി. ആദ്യ രണ്ട് പന്ത് നന്നായി എറിഞ്ഞപ്പോഴും ഇനി എന്തും സംഭവിക്കാമെന്ന് മനസിലായി. എങ്കിലും അതിനെക്കുറിച്ച് ആലോചിക്കാതെയാണ് പന്തെറിഞ്ഞത്.
പന്ത് നന്നായി സ്വിംഗ് ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ അത് ഏറെ ആസ്വദിച്ചു. ഭാഗ്യവശാല്‍ എനിക്ക് വിക്കറ്റുകള്‍ ലഭിച്ചു. ഈ സീസണില്‍ എനിക്ക് മോശം തുടക്കമാണ് ലഭിച്ചത്. എന്നാല്‍ ബാറ്റര്‍മാര്‍ക്കെതിരായ എന്റെ ചിന്താഗതികള്‍ മാറി. പുതിയ രീതിയിലുള്ള ബാറ്റിംഗില്‍ എന്റെ ബൗളിംഗ് ചിന്താഗതികള്‍ മാറ്റേണ്ടി വന്നു- ഭുവനേശ്വര്‍ കുമാര്‍ വ്യക്തമാക്കി.
അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കേ 15 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത് ക്രീസിലുണ്ടായിരുന്ന റോവ്മാന്‍ പവലിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് ഭുവി ഹൈദരാബാദിന് ജയം സമ്മാനിച്ചത്.