രോഹിത് ശര്‍മ്മയെ പുറത്താക്കി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 ലെ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. രോഹിത്തിനെ പെട്ടെന്ന് ഒരു സുപ്രഭാത്തില്‍ ഒഴിവാക്കിയത് ഇഷ്ടപെടാത്ത ആരാധകര്‍ മുംബൈ മാനേജ്മെന്റിനും ഹാര്‍ദിക്കിനും എതിരെ രൂക്ഷ പ്രതികരണമാണ് നടത്തിയത്. രോഹിത്തിനെ എന്തിന് മാറ്റി എന്നതില്‍ ഇപ്പോഴും ടീമിന് വ്യക്തമായ ഉത്തരമില്ല. അതാണ് ഇന്നലെ ഹാര്‍ദ്ദിക്കും മുംബൈ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറും പത്രസമ്മേളനം നടത്തിയപ്പോഴും വ്യക്തമായത്.
രോഹിത് ശര്‍മയെ എന്തിന് മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയെന്ന ചോദ്യത്തിന് മാര്‍ക്ക് ബൗച്ചര്‍ ഉത്തരം പറയാനാകാതെ കുഴഞ്ഞു. രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ടീം മാനേജ്‌മെന്റ് പറഞ്ഞ ഒരു കാരണം എന്താണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഉത്തരം പറയാനായി ബൗച്ചര്‍ മൈക്ക് കൈയിലെടുത്തെങ്കിലും ഒന്നും പറയാതെ തലയാട്ടി. ഉത്തരമാണ് വേണ്ടതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോഴും ബൗച്ചര്‍ തലയാട്ടല്‍ തുടര്‍ന്നു.
സമീപത്ത് ചെറു ചിരിയോടെ ഇരുന്ന ഹാര്‍ദ്ദിക്ക് ആകട്ടെ ഈ ചോദ്യം വന്നപ്പോള്‍ മുഖത്തെ ചിരിമായിച്ച് തലകുനിച്ച് ഇരിക്കുന്നതും കാണാനായി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. ഇതോടെ ആരാധകരോഷം കൂടിയിരിക്കുകയാണ്. ഇത് സീസണില്‍ അവരെ നല്ല രീതിയില്‍ തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഐപിഎല്‍ മിനി താരലേലത്തിന് തൊട്ടു മുമ്പ് അപ്രതീക്ഷിത നീക്കത്തിലൂടെ ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീമില്‍ തിരിച്ചെത്തിച്ചത്. പിന്നാലെ രോഹിത്തിന് പകരം നായകനായി ഹാര്‍ദ്ദിക്കിനെ പ്രഖ്യാപിക്കുകയുമായിരുന്നു.