ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ മുംബൈ ഇന്ത്യന്‍സിന് ഒന്നും ശരിയാകുന്നില്ല. ടീം പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ്. ഇതുവരെ 11 മത്സരങ്ങളില്‍നിന്ന് മൂന്ന് വിജയങ്ങള്‍ മാത്രമാണ് അവര്‍ നേടിയത്. അതിനാല്‍ത്തന്നെ അവരുടെ പ്ലേ ഓഫ് സ്വപ്നം വിദൂരത്താണ്. ഇപ്പോഴിതാ മുംബൈയുടെ മോശം പ്രകടനത്തില്‍ അവരെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ താരം സിഎം ഗൗതം. മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശമാണെന്ന് താരം പറഞ്ഞു.

മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനെക്കാള്‍ മോശമാണ്. വളരെ, വളരെ നിരാശാജനകമാണ് ഇതെന്ന് പറയേണ്ടിവരും. ബാറ്റിംഗ് നോക്കിയാല്‍ ഗണ്‍ ലൈനപ്പാണ് ഇവര്‍ക്കുള്ളതെങ്കിലും നിരാശാജനകമാണ് പ്രകടനം. കൂടാതെ, ജസ്പ്രീത് ബുംറയല്ലാതെ മറ്റ് ബോളര്‍മാരാരും മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല.

ബുംറയും കൊറ്റ്സിയും ഒഴികെയുള്ളവരുടെ ബോളിംഗ് പ്രകടനം ദയനീയമാണ്. വിവിധ സ്റ്റേഡിയങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെയുള്ള ട്രോളിംഗും ബഹളവും അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചു- ഗൗതം പറഞ്ഞു.

ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്തയോട് മുംബൈ പരാജയപ്പെട്ടു. ഓള്‍റൗണ്ട് മികവില്‍ 24 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയെ 18.5 ഓവറില്‍ 145 റണ്‍സിന് എറിഞ്ഞിട്ടാണ് കൊല്‍ക്കത്ത തങ്ങളുടെ ഏഴാം ജയം സ്വന്തമാക്കിയത്. ജയത്തോടെ 14 പോയന്റുമായി കൊല്‍ക്കത്ത പ്ലേ ഓഫ് ബര്‍ത്തിനടുത്തെത്തി.