ഐപിഎല്‍ 2024: മത്സരത്തിന് ശേഷം ധോണിക്ക് പ്രത്യേക പരിഗണന നല്‍കി രാഹുല്‍, കൈയടിച്ച് ക്രിക്കറ്റ് ലോകം

എംഎസ് ധോണി ഏറ്റവും ആദരണീയനായ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരനാണ്. ഈ ഐപിഎല്‍ സീസണ്‍ ഇതിഹാസത്തിന്റെ അവസാന സീസണായാണ് പരിഗണിക്കപ്പെടുന്നത്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം വേദികളെ ഹോം മത്സരങ്ങളാക്കി മാറ്റുന്നു. 42 കാരനായ താരത്തെ കാണാന്‍ ആരാധകര്‍ വന്‍തോതില്‍ സ്റ്റേഡിയങ്ങളില്‍ എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ഏകാന സ്റ്റേഡിയത്തില്‍ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരവും മറിച്ചായിരുന്നില്ല. സ്‌റ്റേഡിയം മഞ്ഞക്കടലായിരുന്നു. മത്സരത്തിനു ശേഷം ഇതിഹാസത്തോടുള്ള ആദരസൂചകമായി ധോണിയുമായി ഹസ്താനം നടത്തുന്നതിനു മുമ്പ് കെഎല്‍ രാഹുല്‍ തന്റെ തൊപ്പി ഊരിമാറ്റി. രാഹുല്‍ മാത്രമല്ല നേരത്തെ ഗുജറാത്ത് താരം മോഹിത് ശര്‍മ്മയും ഇത്തരത്തില്‍ ധോണിയെ ആദരിച്ചിരുന്നു.

Image

ചെന്നൈ സൂപ്പര്‍ കിംഗസിനെതിരേ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് അനായാസ ജയം നേടി. ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെയും ക്വിന്റണ്‍ ഡിക്കോക്കിന്റെയും അര്‍ധ സെഞ്ചുറി മികവില്‍ 19 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-ഡിക്കോക്ക് സഖ്യം 134 റണ്‍സ് ചേര്‍ത്തു. 53 പന്തില്‍ നിന്ന് മൂന്ന് സിക്സും ഒമ്പത് ഫോറുമടക്കം 82 റണ്‍സെടുത്ത രാഹുലാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 43 പന്തുകള്‍ നേരിട്ട ഡിക്കോക്ക് ഒരു സിക്സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്തു.