രാജസ്ഥാന്റെ റണ്‍ചേസ് ഒരു ഗ്ലോറി ഷോട്ടിലൂടെ അവസാനിപ്പിക്കാനുള്ള അവസരം സഞ്ജു സാംസന്റെ മുമ്പില്‍ ഉണ്ടായിരുന്നു. പക്ഷേ വിജയറണ്‍ നേടാനുള്ള അവസരം സഞ്ജു ജയ്‌സ്വാളിന് കൈമാറി. ആ നിമിഷത്തില്‍ സഞ്ജുവിന്റെ ഔന്നത്യം ഒന്നുകൂടി വര്‍ദ്ധിച്ചു!
റോയല്‍സിന്റെ റണ്‍ചേസ് ഇടയ്ക്ക് മഴമൂലം തടസ്സപ്പെട്ടിരുന്നു. കളി വീണ്ടും ആരംഭിച്ചപ്പോള്‍ മുംബൈയുടെ സ്പിന്നര്‍മാര്‍ പതറുമെന്നാണ് എല്ലാവരും വിചാരിച്ചത്. മൈതാനത്തില്‍ നനവ് ഉള്ളപ്പോള്‍ പന്ത് ഗ്രിപ്പ് ചെയ്യുന്നത് പ്രയാസകരമായി മാറും. എന്നാല്‍ മൊഹമ്മദ് നബിയും പിയൂഷ് ചൗളയും വെള്ളപ്പന്തിനെ തലങ്ങും വിലങ്ങും ടേണ്‍ ചെയ്യിക്കുകയായിരുന്നു. രാജസ്ഥാനുമേല്‍ ചെറുതല്ലാത്ത സമ്മര്‍ദ്ദമുണ്ടായി. കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയനായ ജോസ് ബട്‌ലര്‍ ചൗളയുടെ പന്തില്‍ ക്ലീന്‍ ബോള്‍ഡാവുകയും ചെയ്തു.
ചൗള തന്റെ ട്രേഡ്മാര്‍ക്ക് വിക്കറ്റ് സെലിബ്രേഷന്‍ നടത്തി. അതിനുപിന്നാലെ ഹിന്ദിയില്‍ ചില അധിക്ഷേപ വാചകങ്ങളും…! കടലോളം അനുഭവസമ്പത്തുള്ള ചൗള മുംബൈയ്ക്ക് പ്രതീക്ഷയുടെ ഒരു ചെറുവാതില്‍ തുറന്നുകൊടുത്തു. ഒരറ്റത്ത് ജയ്‌സ്വാള്‍ കത്തിക്കയറുന്നുണ്ടായിരുന്നു. അതുകൊണ്ട് മറ്റേയറ്റത്തുള്ള സഞ്ജുവിനെ ലക്ഷ്യമിടാന്‍ മൊഹമ്മദ് നബി നിശ്ചയിച്ചു.
103 കിലോമീറ്റര്‍ വേഗതയുള്ള ബോള്‍ നബി ഫയര്‍ ചെയ്തു. ഒരു സ്പിന്നറെ സംബന്ധിച്ചിടത്തോളം അസാധാരണമായ വേഗത! സഞ്ജുവിന്റെ മറുപടി ഒരു പുള്‍ഷോട്ടിലൂടെ വന്നു. പന്ത് ഗാലറിയില്‍!
നബിയുടെ പന്ത് അത്രയേറെ ഷോര്‍ട്ട് ആയിരുന്നില്ല. ഡീപ്പ് മിഡ്-വിക്കറ്റില്‍ ഫീല്‍ഡറും ഉണ്ടായിരുന്നു. എന്നിട്ടും പുള്‍ഷോട്ടിലൂടെ സിക്‌സര്‍ പായിക്കപ്പെട്ടു! അതായിരുന്നു സഞ്ജു സാംസണ്‍
കളി കൈവിട്ടുപോവുന്ന സാഹചര്യത്തില്‍ ജസ്പ്രീത് ബുംറ പന്തെറിയാനെത്തുമെന്ന് കളിപറച്ചിലുകാര്‍ പ്രവചിച്ചു. പക്ഷേ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുന്നോട്ടുവന്നത്. കെവിന്‍ പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടു-
”മുന്നില്‍ നിന്ന് നയിക്കാനാണ് ഹാര്‍ദ്ദിക് ഇഷ്ടപ്പെടുന്നത്…!”
സഞ്ജുവിനെ കബളിപ്പിക്കുന്നതിനുവേണ്ടി ഹാര്‍ദ്ദിക് ഒരു സ്ലോബോളെറിഞ്ഞു. ജയ്പൂരിലെ സ്‌ട്രെയിറ്റ് ബൗണ്ടറിയ്ക്ക് നല്ല നീളമുണ്ട്. ആ ദിശയിലേയ്ക്കുതന്നെ സഞ്ജു ലോഫ്റ്റഡ് ഷോട്ട് കളിച്ചു. 90 മീറ്റര്‍ അകലെ പന്ത് നിലംപതിച്ചു! സിക്‌സര്‍! വിമാനം കാണുന്ന കൊച്ചുകുട്ടിയെപ്പോലെ ഹാര്‍ദ്ദിക് പന്ത് പറന്നുപോവുന്നത് നോക്കിനിന്നു.
— Cricket Videos (@cricketvid123) April 22, 2024
അവസാനം സാക്ഷാല്‍ ബുംറ തന്നെ പോരിന് വന്നു. ആ ഓവറില്‍ സഞ്ജു രണ്ട് ബൗണ്ടറികള്‍ നേടി!
കീപ്പര്‍,ക്യാപ്റ്റന്‍ എന്നീ റോളുകളിലും സഞ്ജു വന്‍വിജയമായിരുന്നു. ഇഷാന്‍ കിഷന്റെ വിക്കറ്റ് വീണ രീതി നോക്കുക. അമ്പയര്‍ നോട്ടൗട്ട് വിളിച്ചു. സഞ്ജു ആ തീരുമാനം പുനഃപരിശോധിച്ചു. മൂന്നാം അമ്പയറുടെ തീരുമാനം വരുന്നതിന് മുമ്പ് തന്നെ സഞ്ജു അടുത്ത പന്ത് കീപ് ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു! സഞ്ജുവിന് അത്രയേറെ ആത്മവിശ്വാസമുണ്ടായിരുന്നു. ഇഷാന്‍ ഔട്ടാണെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു!
സൂര്യകുമാര്‍ യാദവിനെതിരെ ഏറ്റവും മികച്ച റെക്കോര്‍ഡ് ഉള്ള ഐ.പി.എല്‍ ബോളര്‍ സന്ദീപ് ശര്‍മ്മയാണ്. നന്നായി ഗൃഹപാഠം ചെയ്തിരുന്ന സഞ്ജു സന്ദീപിനെ ഉപയോഗിച്ചുതന്നെ സൂര്യയെ വീഴ്ത്തി!
മത്സരം കഴിഞ്ഞപ്പോള്‍ കമന്ററി ബോക്‌സില്‍ ഒരു ചര്‍ച്ച നടന്നു. കെവിന്‍ പീറ്റേഴ്‌സന്‍ പറഞ്ഞു- ”ടി-20 ലോകകപ്പില്‍ സഞ്ജു ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം…”
സഞ്ജുവിന്റെ കടുത്ത വിമര്‍ശകനായ സുനില്‍ ഗാവസ്‌കര്‍ പീറ്റേഴ്‌സനെ പിന്താങ്ങി- ”ശരിയാണ്. സഞ്ജുവിനെ കാണുമ്പോള്‍ ബാറ്റിങ്ങ് എളുപ്പമുള്ള ജോലിയാണെന്ന് തോന്നും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായ അവസരങ്ങള്‍ സഞ്ജു അര്‍ഹിക്കുന്നു. അയാള്‍ക്ക് ഇതുവരെ അത് കിട്ടിയിട്ടില്ല…!”
ഗാവസ്‌കറിന് വരെ കാര്യം മനസ്സിലായി. ഇന്ത്യന്‍ ടീമിന്റെ നായകനായ രോഹിത് ശര്‍മ്മയും അക്കാര്യം മനസ്സിലാക്കേണ്ടതാണ്.
രോഹിതിന്റെ തൊട്ടടുത്ത് നിന്നുകൊണ്ടാണ് സഞ്ജു മാജിക് കാണിച്ചിട്ടുള്ളത്. അയാളെ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്…! ഗാവസ്‌കര്‍ ഒരു കാര്യം കൂടി പറഞ്ഞു- രാജസ്ഥാന്‍ ഒരു കംപ്ലീറ്റ് ടീമാണ്…!
ഒരു മലയാളിയുടെ കുടക്കീഴില്‍ പൂത്തുതളിര്‍ത്ത കംപ്ലീറ്റ് ടീം…! നമുക്ക് അഭിമാന നിമിഷം…