ഐപിഎല്‍ 2024 ലെ പ്രാരംഭ മത്സരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയച്ചതിന് പിന്നാലെ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യൂ വെയ്ഡ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പെര്‍ത്തില്‍ ടാസ്മാനിയയും വെസ്റ്റേണ്‍ ഓസ്ട്രേലിയയും തമ്മിലുള്ള ഷെഫീല്‍ഡ് ഷീല്‍ഡ് ഫൈനലാണ് മാത്യു വെയ്ഡിന്റെ അവസാന റെഡ്-ബോള്‍ ഗെയിം.
2007സാണ് വെയ്ഡ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 165 മത്സരങ്ങളില്‍ നിന്നായി 19 സെഞ്ച്വറികളും 54 അര്‍ധസെഞ്ച്വറികളും സഹിതം 40.81 ശരാശരിയില്‍ 9183 റണ്‍സ് അദ്ദേഹം നേടി. തന്റെ ഫസ്റ്റ് ക്ലാസ് കരിയറില്‍ ബാറ്റിംഗ് മികവിനൊപ്പം 442 ക്യാച്ചുകളും 21 സ്റ്റംപിംഗുകളും അദ്ദേഹം നേടിയിട്ടുണ്ട്.
2012 നും 2021 നും ഇടയില്‍ ഓസ്ട്രേലിയയ്ക്കായി 36 ടെസ്റ്റുകള്‍ കളിച്ച താരം നാല് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 29.87 ശരാശരിയില്‍ 1613 റണ്‍സ് നേടി. ഇംഗ്ലണ്ടിനെതിരായ 2019 ലെ ആഷസ് പരമ്പരയിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനം നടന്നത്, അവിടെ അദ്ദേഹം രണ്ട് സെഞ്ച്വറികള്‍ നേടി.
ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് വെയ്ഡ്. മാര്‍ച്ച് 25 ന് മുംബൈ ഇന്ത്യന്‍സിനെതിരായാണ് ടൈറ്റന്‍സിന്റെ ആദ്യ മത്സരം. താരം എന്ന് ടീമിനൊപ്പം ചേരുമെന്നുള്ള കാര്യം അനിശ്ചിതത്വത്തിലാണ്.