രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎൽ 2024 മത്സരത്തിൽ ശുഭ്മാൻ ഗില്ലും യുസ്വേന്ദ്ര ചാഹലും തമ്മിലുള്ള പോരാട്ടം ശരിക്കുമൊരു മൈൻഡ് ഗെയിം തന്നെ ആയിരുന്നു. മൈൻഡ് ഗെയിമിൽ ആകട്ടെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ചാമ്പ്യൻ ബോളറായ ചാഹൽ ജയിക്കുകയും ചെയ്തു. ജിടി 3 വിക്കറ്റിന് ജയിച്ചെങ്കിലും ഗില്ലിനെ ചാഹൽ പൂർണ്ണമായും പരാജയപ്പെടുത്തി. 44 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 72 റൺസുമായി സന്ദർശക ടീമിൻ്റെ നായകൻ മികച്ച പ്രകടനം പുറത്തെടുത്തു നിൽക്കുന്ന സമയത്താണ് രാജസ്ഥാൻ താരത്തിന്റെ മൈൻഡ് ഗെയിം വന്നത്.
ജിടി ഇന്നിംഗ്‌സിൻ്റെ 16-ാം ഓവറിൽ സാംസൺ തൻ്റെ മുൻനിര സ്പിന്നറെ ആക്രമണത്തിലേക്ക് കൊണ്ടുവന്നു. ചാഹൽ കെണിയൊരുക്കി ഓവറിലെ ആദ്യ പന്ത് വൈഡ് ഓഫ് സ്റ്റംപിൽ എറിഞ്ഞു. ഗിൽ അത് ബൗണ്ടറി അടിച്ചു. രണ്ടാമത്തെ ഡെലിവറിക്ക് ധാരാളം വിഡ്ത് ഉണ്ടായിരുന്നു, ബാറ്റർ വീണ്ടും ഒരു ഫോറടിച്ചു. അടുത്ത ഒരു ഫുൾ ലെങ്ത് പന്ത് ഗിൽ പ്രതീക്ഷിച്ചിരുന്നു, എന്നാൽ ക്രീസിൽ നിന്ന് ഗില് പുറത്തേക്ക് വരുന്നത് കണ്ട ചാഹൽ അത് ഓഫ് സ്റ്റമ്പിലേക്ക് വൈഡ് ആയി എറിഞ്ഞു . ഗില്ലിന് അത് കണക്‌ട് ചെയ്യാൻ പറ്റിയില്ല. സാംസൺ സ്റ്റമ്പിങ് പൂർത്തിയാക്കുകയും ചെയ്തു.
കമന്ററി ബോക്സിൽ ഉണ്ടായിരുന്ന സിദ്ദു പുറത്താക്കൽ ഇഷ്ടപ്പെടുകയും ചാഹലിനെ അഭിനന്ദിക്കുകയും ചെയ്തു “ഇങ്ങനെയാണ് ചാഹൽ ഒരു ബാറ്ററുടെ മനസ്സുമായി കളിക്കുന്നത്. അയാൾ ശുഭ്മാൻ ഗില്ലിനെ തൻ്റെ മുന്നിൽ ഒരു മണ്ടനോ വിഡ്ഢിയോ പോലെയാക്കി. അവൻ കെണിയൊരുക്കി, ഗിൽ സന്തോഷത്തോടെ അതിൽ കുടുങ്ങി. ചാഹൽ മനോഹരമായി വിക്കറ്റ് നേടി ”നവജ്യോത് സിംഗ് സിദ്ധു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ഗുജറാത്ത് റോയൽസിനെ പരാജയപ്പെടുത്തിയത്. അവസാന പന്തിലായിരുന്നു അവരുടെ ജയം. രാജസ്ഥാന്റെ സീസണിലെ ആദ്യ തോൽവിയാണിത്. സ്‌കോർ: രാജസ്ഥാൻ 20 ഓവറിൽ മൂന്നിന് 196, ഗുജറാത്ത് 20 ഓവറിൽ ഏഴിന് 199.