ഐപിഎല്‍ 17ാം സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകാതെ പ്രയാസപ്പെടുകയാണ് ഋഷഭ് പന്ത് നായകനായ ഡല്‍ഹി ക്യാപിറ്റല്‍സ്. ഒടുവില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 67 റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെട്ടത്. ടീമിന്റെ ഈ സീസണിലെ അഞ്ചാം തോല്‍വിയാണിത്. എന്നാലിപ്പോള്‍ തോല്‍വിയിലും പന്തിനെ പ്രശംസിച്ച് സമാശ്വസിപ്പിച്ച് രംഗത്തുവന്നിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.
‘നീ തലതാഴ്ത്തുന്നത് കാണാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇനിയും നിരവധി മത്സരങ്ങള്‍ ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ നീ ചിരി തുടരുക’ എന്നാണ് മത്സരശേഷം ഗവാസ്‌കര്‍ റിഷഭിനോട് പറഞ്ഞത്. ‘ഞാന്‍ പരമാവധി ശ്രമിക്കാന്‍ സാര്‍’ എന്ന് റിഷഭ് മറുപടി പറയുകയും ചെയ്തു.
മറ്റു താരങ്ങളെ ചെറിയ വീഴ്ചയ്ക്കു പോലും അറഞ്ചം പുറഞ്ചം വിമര്‍ശിക്കുന്നന്ന ഗവാസ്‌കറിന്റെ ഈ നീക്കം ക്രിക്കറ്റ് പ്രേമികളെ അത്ര രസിപ്പിച്ചിട്ടില്ല. മത്സരത്തില്‍ ഉയര്‍ന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശവെ പന്തിന്റെ മെല്ലെ പോക്ക് ആരാധകരുടെ ക്ഷമയെ പരീക്ഷിച്ചു.
267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് 8.4 ഓവറില്‍ 135 റണ്‍സ് നേടാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇവിടെ നിന്ന് റിഷഭും സ്റ്റബ്സും ചേര്‍ന്ന് നടത്തിയ മെല്ലപ്പോക്ക് ഡല്‍ഹിയെ തളര്‍ത്തി. 16 പന്തില്‍ 16 റണ്‍സായിരുന്നു ഒരു ഘട്ടത്തില്‍ റിഷഭ് നേടിയത്. 35 പന്തില്‍ 44 റണ്‍സാണ് റിഷഭിന് ആകെ നേടാനായത്.