2024 ഐപിഎല്ലില്‍ എംഎസ് ധോണി എല്ലാ മത്സരങ്ങളും കളിക്കില്ലെന്ന് പ്രവചിച്ച് വിന്‍ഡീസ് ഇതിഹാസ ബാറ്റര്‍ ക്രിസ് ഗെയ്ല്‍. ടൂര്‍ണമെന്റിന്റെ മധ്യത്തില്‍ ധോണി വിശ്രമിക്കുമെന്ന് താരം പറഞ്ഞു. അതുകൊണ്ടാണ് സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റന്‍സി റുതുരാജ് ഗെയ്ക്വാദിന് കൈമാറിയതെന്നും ഗെയ്ല്‍ പറഞ്ഞു.
ധോനി ഈ സീസണില്‍ കുറച്ച് മത്സരങ്ങളില്‍ പുറത്തിരുന്നേക്കാം, പക്ഷേ അദ്ദേഹം ഫിറ്റാണെന്ന് തോന്നുന്നു. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ജിയോ സിനിമയില്‍ ഗെയ്ല്‍ പറഞ്ഞു.
2023-ല്‍ ധോണിയ്ക്ക് കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായി. കഴിഞ്ഞ വര്‍ഷം വിരമിക്കുമെന്ന ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നിട്ടും, അഞ്ച് തവണ ഐപിഎല്‍ ജേതാവായ ക്യാപ്റ്റന്‍ 17-ാം സീസണില്‍ ടീമിനായി തിരിച്ചെത്തി.
ഫ്രാഞ്ചൈസിയുടെ ഭാവി ദിശയുടെ ചുമതല അദ്ദേഹം ഗെയ്ക്വാദിനെ ഏല്‍പ്പിച്ചു. ഒരു ബുദ്ധിമുട്ടും നേരിടാതെ വിക്കറ്റിന് പിന്നില്‍ അനായാസമായി നീങ്ങിയ ധോണിയുടെ ഫിറ്റ്നസ് സംബന്ധിച്ച സംശയങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച ഇല്ലാതാക്കി.
ഐപിഎല്‍ 2024-ന്റെ ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബിയുടെ ഇന്നിംഗ്സിന്റെ അവസാന പന്തില്‍ അനൂജ് റാവത്തിനെ റണ്ണൗട്ടാക്കിയ നിമിഷം അദ്ദേഹത്തിന്റെ പഴയ മികവ് വിളിച്ചോതുന്നതായിരുന്നു.