IPL 2024: 'അവന്‍ എന്താണീ കാണിക്കുന്നത്'; സഞ്ജുവിനെ വിമര്‍ശിച്ച് ഇര്‍ഫാന്‍ പത്താന്‍

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ബോളര്‍മാര്‍ക്ക് മോശം ദിവസമായിരുന്നു. 20 ഓവറില്‍ 221/8 എന്ന നിലയില്‍ ടീം റണ്‍സ് വഴങ്ങി. ആര്‍ അശ്വിന്‍ മാത്രമാണ് റോയല്‍സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചെത്. താരം തന്റെ നാല് ഓവറില്‍ നിന്ന് 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

എന്നിരുന്നാലും, സഞ്ജു സാംസണ്‍ അശ്വിനെ കളിയില്‍ ഉപയോഗിച്ച രീതിയില്‍ ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍ തൃപ്തനല്ല. റോയല്‍സ് ക്യാപ്റ്റന്റെ തെറ്റ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിക്കാട്ടി.

അശ്വിന്‍ തന്റെ ആദ്യ ഓവര്‍ പവര്‍ പ്ലേയിലും രണ്ടാമത്തെ ഓവര്‍ പത്താം ഓവറിലും എറിഞ്ഞു. ആ ഓവറുകള്‍ക്കിടയില്‍ രണ്ട് ഇടംകൈയ്യന്‍മാര്‍ കളിക്കുന്നുണ്ടായിരുന്നു. സഞ്ജു അവനെ നേരത്തെ ബോള്‍ ചെയ്യിപ്പിക്കണമായിരുന്നു- ഇര്‍ഫാന്‍ പത്താന്‍ എക്സില്‍ കുറിച്ചു.

ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക് (50), അഭിഷേക് പോറല്‍ (65), അക്സര്‍ പട്ടേല്‍ (15) എന്നിവരാണ് അശ്വിന്റെ ഇരകള്‍. മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ടോസ് നേടിയ സഞ്ജു സാംസണ്‍ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍, നിശ്ചിത ഓവറില്‍ 201 റണ്‍സെടുത്ത് കീഴടങ്ങി. സഞ്ജു 46 പന്തില്‍ ആറ് സിക്സും എട്ട് ബൗണ്ടറികളുമായി 86 റണ്‍സെടുത്തു.