ഐപിഎല്‍ 17ാം സീസണിന്‍രെ പ്ലേഓഫിലേക്ക് അവിശ്വസനീയമാംവിധം കുതിച്ചെത്തിയിരിക്കുകയാണ് ആര്‍സിബി. നിര്‍ണ്ണായകമായ മത്സരത്തില്‍ സിഎസ്‌കെയെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി പ്ലേ ഓഫില്‍ സീറ്റ് നേടിയത്. മത്സരത്തില്‍ തനിക്ക് ഏറെ ആശ്വാസം തോന്നിയത് എംഎസ് ധോണിയുടെ വിക്കറ്റ് വീണപ്പോള്‍ ആണെന്ന് ആര്‍ സി ബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസ് പറഞ്ഞു. ധോണി ഔട്ടകുന്നത് വരെ ഉള്ളില്‍ തോല്‍വി ഭയമുണ്ടായുരുന്നുവെന്ന് താരം പറഞ്ഞു.
ഞങ്ങള്‍ 175 റണ്‍സ് ആണ് പ്രതിരോധിക്കുന്നത് എന്ന രീതിയിലാണ് ബോള്‍ ചെയ്തത്. എന്നിട്ടും അവര്‍ അല്‍പ്പം അടുത്ത് എത്തി. ഒരു ഘട്ടത്തില്‍, എം എസ് ധോണി ക്രീസില്‍ ഉള്ളപ്പോള്‍, ഞാന്‍ ഭയന്നു. അവന്‍ ഇത് പലതവണ ചെയ്തതാണ്. ഇത്തരം അവസരങ്ങളില്‍ അദ്ദേഹം ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. ധോണിക്ക് എതിരെ യാഷ് ദയാല്‍ നന്നായി പന്തെറിഞ്ഞു. അവന്‍ പ്ലയര്‍ ഓഫ് ദി മാച്ച് അര്‍ഹിക്കുന്നുണ്ട്- ഡുപ്ലസിസ് പറഞ്ഞു.
മത്സരത്തില്‍ ധോണി 13 പന്തില്‍ 25 റണ്‍സ് എടുത്താണ് പുറത്തായത്. ടോസ് നേടിയ ചെന്നൈ ബംഗളൂരുവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ജീവന്മരണ പോരാട്ടത്തില്‍ ചെന്നൈക്കു മുന്നില്‍ ബംഗളൂരു 219 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി. 201-ല്‍ കുറഞ്ഞ റണ്‍സിന് ചെന്നൈയെ പിടിച്ചുനിര്‍ത്തിയാല്‍ മാത്രമേ ബെംഗളൂരുവിന് പ്ലേഓഫില്‍ പ്രവേശിക്കാനാവുമായിരുന്നുള്ളൂ.
മറുപടിയായി ചെന്നൈക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടാനേ ആയുള്ളൂ. ഇതോടെ ബെംഗളൂരുവിന് 27 റണ്‍സിന്റെ ജയവും പ്ലേഓഫ് യോഗ്യതയും കിട്ടി.