ഐപിഎല്‍ 2025: ആര്‍സിബിയെ ആരാവും നയിക്കുക എന്ന് 'സ്ഥിരീകരിച്ച്' എബി ഡിവില്ലിയേഴ്സ്

ഐപിഎല്‍ 2025 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് (ആര്‍സിബി) വേണ്ടി ക്യാപ്റ്റന്‍സി വിരമിക്കലില്‍നിന്ന് വിരാട് കോഹ്ലി യു-ടേണ്‍ എടുക്കുമെന്ന് മുന്‍ സഹതാരം എബി ഡിവില്ലിയേഴ്സ്. 2013-ല്‍ നേതൃസ്ഥാനം ഏറ്റെടുത്ത കോഹ്ലി, 9 സീസണുകള്‍ക്ക് ശേഷം 2021 സീസണിന്റെ അവസാനത്തില്‍ ആര്‍സിബിയുടെ നായക സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. ഇത് വെറും യാദൃശ്ചികമായിരുന്നില്ല, കാരണം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി ഭാരത്തില്‍നിന്ന് സ്വയം മാറാന്‍ കോഹ്ലി തീരുമാനിച്ചതിനാല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഇത് ചെയ്യാന്‍ പറ്റിയ സമയമാണിതെന്ന് അദ്ദേഹം കരുതി.

ടീമിനെ നയിക്കാന്‍ കോഹ്‌ലി തിരിച്ചെത്തുമെന്നാണ് എബിഡിയുടെ കണക്കുകൂട്ടല്‍. ഐപിഎല്‍ 2025 ലേലത്തില്‍ ക്യാപ്റ്റന്‍സിക്ക് യോഗ്യനായ ഒരു കളിക്കാരനെ ആര്‍സിബിക്ക് ലഭിച്ചിട്ടില്ല എന്നതാണ് അദ്ദേഹത്തിന്റെ ഈ നിരീക്ഷണത്തിന് കാരണം. അവര്‍ വാങ്ങിയവരില്‍ ജിതേഷ് ശര്‍മ്മ, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് മാത്രമാണ് ക്യാപ്റ്റന്‍സി പരിചയമുള്ളത്. എന്നിരുന്നാലും, ഐപിഎല്‍ ക്യാപ്റ്റനെന്ന നിലയില്‍ 143 മത്സര പരിചയം കോഹ്ലിക്ക് മാത്രമാണുള്ളത്.

അതുകൊണ്ട് തന്നെ നായകസ്ഥാനം കോഹ്ലിയെ ഏല്‍പ്പിക്കുകയല്ലാതെ ആര്‍സിബിക്ക് മറ്റ് മാര്‍ഗമില്ലെന്ന് എബിഡി കരുതുന്നു. ഒരുപക്ഷെ പൂര്‍ണ്ണ സമ്മതത്തോടെ ആയിരിക്കില്ല, പക്ഷേ ടീമിന്റെ പുരോഗതിക്കായി സ്റ്റാര്‍ ബാറ്റര്‍ അത് സ്വീകരിക്കേണ്ടിവരും. ‘ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. പക്ഷേ ടീമിനെ നോക്കുമ്പോള്‍ അദ്ദേഹം ക്യാപ്റ്റനായിരിക്കും,’ ഡിവില്ലിയേഴ്‌സ് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പറഞ്ഞു.

കോഹ്ലിയുടെ ക്യാപ്റ്റനായിരുന്ന കാലത്ത് ആര്‍സിബി നാല് തവണ (2015, 2016, 2020, 2021) പ്ലേ ഓഫിലെത്തി. ഇതില്‍ ഒരിക്കല്‍ മാത്രമേ അവര്‍ക്ക് ഐപിഎല്‍ ഫൈനലിലെത്താന്‍ കഴിഞ്ഞുള്ളൂ (2016). സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ 8 റണ്‍സ് മാത്രം അകലെ ആര്‍സിബി വീണു. ആ നിര്‍ഭാഗ്യകരമായ ദിവസം, ഭാഗ്യം കോഹ്ലിയെ തുണച്ചിരുന്നുവെങ്കില്‍, അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഇറങ്ങില്ലായിരുന്നു. പക്ഷേ വര്‍ഷങ്ങളുടെ നിരാശ അദ്ദേഹത്തെ ബാധിച്ചു.

Read more