IPL 2025: തോൽവി ഒകെ ആർക്കും സംഭവിക്കാം, പക്ഷെ ഈ നാണക്കേട് ആരും ആഗ്രഹിക്കാത്തത്; പരാജയത്തിന് പിന്നാലെ അപമാന റെക്കോഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്; പട്ടികയിൽ പ്രമുഖരും

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് മോശം പ്രകടനമാണ് നടത്തുന്നത്. അവരുടെ തുടർ തോൽവിക്ക് പിന്നിലെ ഒരു കാരണം അവരുടെ ഫീൽഡിംഗാണ്. കൈവിട്ട് കളയുന്ന റൺസും മോശം ഫീൽഡിങ്ങും കാരണം വമ്പൻ നഷ്ടമാണ് ചെന്നൈ സൂപ്പർ കിങ്സിന് ഉണ്ടാകുന്നത് . സി‌എസ്‌കെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് എല്ലാ മത്സരത്തിനുശേഷവും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും ഒരു പുരോഗതിയും ടീമിന് ഉണ്ടായിട്ടില്ല. ടൂർണമെന്റിന്റെ 18-ാം സീസണിൽ അവർ 13 ക്യാച്ചുകൾ നഷ്ടപ്പെടുത്തി. ഈ സീസണിൽ ഒരു ടീം കൈവിടുന്ന ക്യാച്ചിന്റെ റെക്കോഡിൽ ഇത് മുന്നിലാണ്.

ഫീൽഡിങ്ങിലെ ഏറ്റവും മോശം രണ്ടാമത്തെ ടീം പഞ്ചാബ് കിംഗ്‌സാണ്. ടൂർണമെന്റിന്റെ നിലവിലെ പതിപ്പിൽ അവർ 10 ക്യാച്ചുകൾ നഷ്ടപ്പെടുത്തി. ഇന്നലെ ചെന്നൈക്ക് എതിരായ പോരിൽ പഞ്ചാബ് 6 ക്യാച്ചുകൾ നഷ്ടപ്പെടുത്തിയിരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഒമ്പത് ക്യാച്ചുകൾ നഷ്ടപ്പെടുത്തി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

ഡൽഹി ക്യാപിറ്റൽസ് (6), മുംബൈ ഇന്ത്യൻസ് (7), ഗുജറാത്ത് ടൈറ്റൻസ് (7), സൺറൈസേഴ്‌സ് ഹൈദരാബാദ് (8) എന്നിവരും ഒരുപാട് ക്യാച്ചുകൾ വിട്ട് കളഞ്ഞു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നാല് ക്യാച്ചുകൾ നഷ്ടപെടുത്തിയായപ്പോൾ ഏറ്റവും മികച്ച ഫീൽഡിങ് നിലവാരം പുലർത്തിയ രാജസ്ഥാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. അവർ മൂന്ന് ക്യാച്ചുകൾ മാത്രമാണ് കൈവിട്ടത്.

അതേസമയം ഇന്നലെ നടന്ന പോരിൽ പഞ്ചാബ് ഉയർത്തിയ 220 റൺസ് ലക്‌ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടാനെ സാധിച്ചുള്ളൂ. അവസാന ഓവറുകളിലെ ധോണിയുടെ ബാറ്റിംഗ് വെടിക്കെട്ടിനും ചെന്നൈയെ രക്ഷിക്കാനായില്ല. 69 റൺസ് നേടിയ ഡെവോൺ കോൺവെയാണ് ചെന്നൈയുടെ ടോപ് സ്കോറർ.