IPL 2025: രണ്ട് സിക്സ് അടിച്ചപ്പോൾ നിനക്ക് സങ്കടം ആയോ, ഇതാ പിടിച്ചോ എന്റെ വിക്കറ്റ്; മടങ്ങിവരവിൽ മായങ്ക് യാദവിന് സമ്മാനം നൽകി രോഹിത് ശർമ്മ

മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്റ്സ് മത്സരം വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ലക്‌നൗ ഫീൽഡിങ് തിരഞ്ഞെടുക്കുക ആയിരുന്നു. ഏറെ നാളുകളായി പരിക്കിന്റെ ബുദ്ധിമുട്ട് കാരണം ടീമിൽ നിന്ന് പുറത്തായ ലക്‌നൗ സ്പീഡ് സ്റ്റാർ മായങ്ക് യാദവിന്റെ മടങ്ങിവരവും താരവും രോഹിതും തമ്മിലുള്ള പോരാട്ടവും ആയിരുന്നു ഏവരും ഉറ്റുനോക്കിയത്.

എന്തായാലും വിചാരിച്ചത് പോലെ തന്നെ ആവേശകരമായിരുന്നു പോര്. മായങ്ക് ആദ്യ ഓവർ എറിയാൻ എത്തിയപ്പോൾ രോഹിത്തിന്റെ സഹ ഓപ്പണർ റിക്കൽട്ടൺ ആയിരുന്നു ക്രീസിൽ നിന്നത്. താരം അവിടെ 6 റൺസ് ആണ് നേടി. ശേഷം മായങ്ക് കളിയിലെ മൂന്നാമത്തെയും തന്റെ രണ്ടാമത്തെയും ഓവർ എറിയാൻ എത്തിയപ്പോഴാണ് കാത്തിരുന്ന പോരാട്ടം വന്നത്. ഓവറിന്റെ ആദ്യ പന്തിൽ വൈഡ് എറിഞ്ഞ മായങ്കിനെ അടുത്ത പന്തിൽ ഡീപ് സ്ക്വയറിന് മുകളിലൂടെ സിക്സ് പരത്തിയ രോഹിത് ഉദ്ദേശം വ്യക്തമാക്കി. രണ്ടാം പന്തിൽ ട്രേഡ് മാർക്ക് പുൾ ഷോട്ടിലൂടെ മായങ്കിനെ രോഹിത് വീണ്ടും പറത്തി. മായങ്കിന്റെ സ്ലോ ബോൾ തന്ത്രം ഫലം കണ്ടില്ല. ശേഷം ഉള്ള രണ്ട് പന്തും സ്പീഡിൽ വ്യത്യാസം വരുത്തി എറിഞ്ഞ മായങ്ക് റൺ നേടാൻ രോഹിത്തിനെ അനുവദിച്ചില്ല.

എന്നാൽ അഞ്ചാം പന്തിൽ വീണ്ടും സ്ലോ ബോൾ എറിഞ്ഞ മായങ്കിന് പിഴച്ചില്ല. മോശം ഷോട്ട് കളിച്ച രോഹിത് ഷോർട് തേർഡിൽ പ്രിൻസ് യാദവിന് ക്യാച്ച് നൽകി മടങ്ങി. 5 പന്തിൽ 12 റൺ എടുത്ത രോഹിത്തിന്റെ വിക്കറ്റ് തന്നെ എടുത്ത് തുടങ്ങിയ മായങ്ക് മടങ്ങിവരവ് ആഘോഷമാക്കി.

അതേസമയം റിക്കൽട്ടൺ ഒരറ്റത്ത് ആക്രമിച്ചു കളിക്കുന്നതിനാൽ തന്നെ മുംബൈ റൺ റേറ്റിൽ കുറവ് വന്നില്ല. ഒടുവിൽ വിവരം കിട്ടുമ്പോൾ 6 ഓവറിൽ 66 – 1 എന്ന നിലയിലാണ് അവർ നിൽകുന്നത്.

Read more