IPL 2025: 43 വയസുള്ള ധോണി വരെ മത്സരങ്ങൾ ജയിപ്പിക്കുന്നു, 27 വയസുള്ള പന്ത് സാറ്റ് കളിക്കുന്നത് എന്തിനെന്ന് ആരാധകർ; വിമർശനം ശക്തം

ലഖ്‌നൗവിലെ  ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും (എൽഎസ്ജി) ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിനിടെ ബാറ്റിംഗ് ക്രമത്തിൽ സാധാരണ നാലാം നമ്പറിൽ ഇറങ്ങാറുള്ള ഋഷഭ് പന്ത് ഇന്നലെ ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയാണ് ട്രോളുകളിൽ നിറഞ്ഞ് നിന്നത്.

സീസണിലെ മോശം ഫോം കാരണം, എൽഎസ്ജി നായകൻ രണ്ട് പന്തുകൾ മാത്രം ബാക്കി ഉള്ളപ്പോൾ ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയാണ് ഞെട്ടിച്ചത്. ഫിനിഷർ എന്ന നിലയിൽ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച അബ്ദുൾ സമദിനെ താൻ സ്ഥിരമായി ഇറങ്ങാറുള്ള നാലാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്യുക ആയിരുന്നു പന്ത്. ആ നീക്കം ആകട്ടെ ഫലം കണ്ടതും ഇല്ല. 8 പന്തിൽ നിന്ന് 2 റൺ നേടിയാണ് താരം മടങ്ങിയത്.

ശേഷം സാധാരണ ഇമ്പാക്ട് താരമായി ഇറങ്ങാറുള്ള ആയുഷ് ബദോണിയും പന്തിന് മുകളിൽ ബാറ്റിങ്ങിന് ഇറങ്ങി. ആ നീക്കവും ഫലം കണ്ടില്ല എന്ന് മാത്രമല്ല ഇത് എൽഎസ്ജിക്ക് ഒരു അധിക ബൗളറെ ചേർക്കാനുള്ള അവസരം നഷ്ടപ്പെട്ടു എന്നുള്ളതാണ്. ഈ സീസണിൽ ആദ്യമായി മായങ്ക് യാദവിനെ കളിപ്പിക്കാനും ഉള്ള നീക്കത്തെയും ഇത് തടഞ്ഞു.

ഒടുവിൽ, ബദോണിയുടെ പുറത്താകലിന് ശേഷം 20-ാം ഓവറിൽ ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാൻ പന്ത് ഇറങ്ങി, റണ്ണൊന്നുമെടുക്കാതെ പുറത്തായി. എൽഎസ്ജി 27 കോടി രൂപയ്ക്ക് വാങ്ങിയതിന് ശേഷം ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായ പന്ത് സീസണിൽ അമ്പേ പരാജയമാകുന്ന കാഴ്ചയാണ് കാണുന്നത്. 43 വയസുള്ള ധോണി ബാറ്റിംഗ് ഓർഡറിൽ താഴെ ഇറങ്ങുന്നത് മനസിലാക്കാമെന്നും 27 വയസുള്ള ഇനി ഒരുപാട് ക്രിക്കറ്റ് ബാക്കിയുള്ള പന്ത് ഈ കാണിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും ആരാധകർ പറയുന്നു.