IPL 2025: സച്ചിൻ മുതൽ രോഹിത് വരെ, വൈഭവിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം; ഇതിൽപ്പരം എന്ത് വേണമെന്ന് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം ആരാധകർക്ക് ഓർമ്മിക്കാൻ ഒരു രാത്രി സമ്മാനിച്ചു. 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയാണ് അതിന് കാരണമായത്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ രാജസ്ഥാനു വേണ്ടി ഓപ്പണറായി ഇറങ്ങിയ വൈഭവ് 38 പന്തിൽ 101 റൺസ് നേടി. 210 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം ടീമിനെ വിജയത്തിലെത്തിച്ചത്. ക്രിക്കറ്റിലെ ഏറ്റവും വലിയ ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ എന്നിവർ ഉൾപ്പടെ ഉള്ളവർ താരത്തെ അഭിനന്ദിച്ചു.

മത്സരശേഷം നിരവധി ക്രിക്കറ്റ് താരങ്ങൾ അദ്ദേഹത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. “വൈഭവിന്റെ നിർഭയമായ സമീപനം, ബാറ്റിംഗ് വേഗത, നേരത്തെ ലെങ്ത് മനസിലാക്കൽ, പിന്നെ അവന്റെ എനർജി ഇത് എല്ലാം ആയിരുന്നു ഇന്നിംഗ്സ് ഇത്ര മനോഹരമാക്കിയ പാചക കുറിപ്പ് ” എന്ന് സച്ചിൻ ടെണ്ടുൽക്കർ ട്വീറ്റ് ചെയ്തു.

“ക്ലാസ്” എന്നാണ് വൈഭവിന്റെ ചിത്രം വെച്ചുകൊണ്ട് രോഹിത് ശർമ്മ ഇൻസ്റ്റാഗ്രാം സ്റ്റോറിയിട്ടത്. ഹർഭജൻ സിംഗ്, കൃഷ്ണമാചാരി ശ്രീകാന്ത്, യുവരാജ് സിംഗ്, യൂസഫ് പത്താൻ തുടങ്ങിയ പ്രമുഖ താരങ്ങളും യുവതാരത്തിന് പിന്തുണയുമായി എത്തി. 14 വയസുകാരൻ പയ്യന്റെ അഴിഞ്ഞാട്ടം തന്നെയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം എന്ന് വ്യക്തം.

ലീഗിൽ നിന്ന് ഇതിനകം തന്ന് ഏകദേശം പുറത്തായ രാജസ്ഥാന് ശേഷിക്കുന്ന മത്സരങ്ങൾ മാനം രക്ഷിക്കാനുള്ള പോരാട്ടമായിരുന്നു . ഇന്നലെ ഗുജറാത്തിനെതിരെ ഇറങ്ങുമ്പോൾ അവർ ഉയർത്തിയ കൂറ്റൻ സ്കോർ രാജസ്ഥാൻ പിന്തുടരില്ല എന്നാണ് ആദ്യം കരുതിയത് എങ്കിൽ ആ 209 റൺസ് ഞങ്ങൾക്ക് ഒരു സ്കോർ അല്ല എന്ന ആറ്റിട്യൂട്ടിൽ ആയിരുന്നു വൈഭവ്. വെറും 15 . 5 ഓവറിൽ പൂർത്തിയ റൺ ചെയ്‌സിൽ 35 പന്തിൽ നിന്നാണ് താരം സെഞ്ച്വറി നേട്ടത്തിൽ എത്തിയത്. ഒടുവിൽ 38 പന്തിൽ 101 റൺ നേടി മടങ്ങുമ്പോൾ സ്റ്റേഡിയം മുഴുവൻ യുവതാരത്തിനായി കൈയടിക്കുക ആയിരുന്നു. ഇത് കൂടാതെ ഇന്നലെ സോഷ്യൽ മീഡിയ ഏറ്റെടുത്ത മറ്റൊരു നിമിഷം ആയിരുന്നു ദ്രാവിഡിന്റെ ആഘോഷം.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്നതിന് മുമ്പുതന്നെ പരിക്കുപറ്റിയ ദ്രാവിഡ് വീൽചെയറിൽ ഇരുന്നായിരുന്നു ടീമിന്റെ കാര്യങ്ങൾ നിയന്ത്രിച്ചത്. എന്നാൽ വൈഭവ് സെഞ്ച്വറി നേടിയതിന് പിന്നാലെ തന്റെ വേദനയൊക്കെ മറന്ന് കുതിച്ചുചാടി ആഘോഷിക്കുന്ന ദ്രാവിഡിനെ കാണാൻ സാധിച്ചു. സീസണിലെ രാജസ്ഥാന്റെ മോശം പ്രകടനത്തിന് ഒരുപാട് പഴി കേട്ട ദ്രാവിഡിന് ഇത് ആശ്വാസം നൽകുന്ന നേട്ടമാണെന്ന് പറയാം.

എന്തായാലും തന്റെ ഇന്നലത്തെ ഇന്നിങ്സിൽ വൈഭവ് തൂക്കിയ റെക്കോഡുകൾ നോക്കാം:

* ഒരു ടി20 സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം (14 വയസ്സ് 32 ദിവസം)

* ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറി (35 പന്തുകൾ)

* ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി (35 പന്തുകൾ)