മുൻ ഡൽഹി ക്യാപിറ്റൽസ് (ഡിസി) അസിസ്റ്റൻ്റ് കോച്ച് മുഹമ്മദ് കൈഫ്, അന്നത്തെ ഹെഡ് കോച്ച് റിക്കി പോണ്ടിംഗും ക്രിക്കറ്റ് ഡയറക്ടർ സൗരവ് ഗാംഗുലിയും തമ്മിൽ നടന്ന തർക്കത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. സൺറൈസേഴ്‌സ് ഹൈദരാബാദിൽ (എസ്ആർഎച്ച്) നിന്ന് ശിഖർ ധവാനെ ട്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആണ് ഇരുവരും തമ്മിൽ വഴക്ക് നടന്നത് എന്നാണ് കൈഫ് പറഞ്ഞിരിക്കുന്നത്.
ഹൈദരാബാദിൽ നിന്ന് ധവാനെ ഡിസിയിലേക്ക് തിരികെ കൊണ്ടുവരാൻ ഗാംഗുലി ആഗ്രഹിച്ചു, കാരണം കിരീടങ്ങൾ നേടാനുള്ള ശക്തമായ ഇന്ത്യൻ ഇലവൻ ഉണ്ടാക്കാൻ അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നു. പോണ്ടിംഗ് ആകട്ടെ ഈ നീക്കത്തെ അനുകൂലിച്ചില്ല. “ഗാംഗുലി ധവാനെ ടീമിൽ കാണാൻ ആഗ്രഹിച്ചു. പക്ഷേ പോണ്ടിംഗ് അതിന് എതിരായിരുന്നു. ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ ധവാൻ്റെ കരിയർ അവസാനിച്ചതായി അദ്ദേഹത്തിന് തോന്നി. ഒരു ഐപിഎൽ സീസണിൽ ധവാന് 500 റൺസ് നേടാനാകുമെന്ന് ഗാംഗുലി മീറ്റിംഗിൽ പറഞ്ഞിരുന്നു,” കൈഫ് പറഞ്ഞു.
“ഡേവിഡ് വാർണർ ഹൈദരാബാദിലായിരുന്നു ആ സമയം. അവനെ ടീമിൽ എത്തിക്കാനാണ് പോണ്ടിങ് ആഗ്രഹിച്ചത്. എന്നാൽ ധവാനെ ഡൽഹിയിൽ എത്തിക്കാൻ ഗാംഗുലി തീരുമാനിച്ചു. പോണ്ടിങ് ആ നീക്കത്തെ എതിർത്തിരുന്നു, എന്നാൽ ഗാംഗുലിയും ജിൻഡാലും ധവാനെ പിന്തുണച്ചതോടെ അദ്ദേഹം ഡൽഹി ക്യാപിറ്റൽസിനൊപ്പം തിരിച്ചെത്തി. ആ സീസണിൽ ഡെൽഹി ഫൈനലിൽ എത്തിയപ്പോൾ ഗാംഗുലി താൻ ശരിയാണെന്ന് തെളിയിച്ചു. മികച്ച രീതിയിൽ ഞങ്ങൾ കളിച്ചിട്ടും ഫൈനലിൽ പരാജയപ്പെട്ടത് ആ സീസണിൽ പോണ്ടിങ്ങിനെ നിരാശപ്പെടുത്തി ”അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
ഡൽഹിക്ക് വേണ്ടി മൂന്ന് സീസണുകളിലായി കളിച്ച ധവാൻ എല്ലാ സീസണിലും 500 റൺസ് പിന്നിട്ടു. ഐപിഎൽ 2022 മെഗാ ലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി അദ്ദേഹത്തെ വിട്ടയച്ചു.