റഷീദ് ഖാൻ വൈഭവ് സൂര്യവംശിയ്ക്കെതിരെ ബോൾ ചെയ്യുകയാണ്. ആദ്യ പന്തിൽ തന്നെ ഒരു എൽ.ബി.ഡബ്ല്യൂ അപ്പീൽ! ”Pitching outside leg” എന്ന് കമൻ്റേറ്റർമാർ പറഞ്ഞു. വിക്കറ്റ് കീപ്പറായ ജോസ് ബട്ലറിനോട് സംസാരിച്ചതിനുശേഷം റഷീദ് ഫീൽഡ് അമ്പയറുടെ തീരുമാനം പുനഃപരിശോധിച്ചു.
അത് നോട്ടൗട്ട് ആണെന്ന് ഗുജറാത്ത് ടീമിന് അറിയാമായിരുന്നു. ഒരു ഭാഗ്യപരീക്ഷണം എന്ന നിലയിലാണ് അവർ റിവ്യൂ ഉപയോഗിച്ചത്. വൈഭവ് എന്ന 14 വയസ്സുകാരൻ്റെ വിക്കറ്റ് റഷീദ് അത്രയേറെ മോഹിച്ചിരുന്നു! അവൻ ഗുജറാത്തിനെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. മൂന്നാം അമ്പയർ വൈഭവ് ഔട്ടല്ല എന്ന് സാക്ഷ്യപ്പെടുത്തി. ആ സമയത്ത് വൈഭവ് സന്തോഷത്തോടെ അലറി! അതോടെ ഒരു കാര്യം ഉറപ്പായി. ഈ പയ്യന് ആർത്തിയാണ്. ബാറ്റ് ചെയ്യാനുള്ള ആർത്തി.
റഷീദിൻ്റെ ആദ്യ ഓവറിൽ വൈഭവിന് ബൗണ്ടറികളൊന്നും പായിക്കാനായില്ല. അവസാന പന്ത് എറിഞ്ഞതിനുശേഷം റഷീദ് വൈഭവിനെ നോക്കി ചിരിച്ചു. ഒരു നിശബ്ദമായ വെല്ലുവിളി. ലോകോത്തര ലെഗ്സ്പിന്ന,ർ ടീനേജ് പിന്നിടാത്ത ബാറ്ററുമായി മാനസിക യുദ്ധത്തിലേർപ്പെടുന്നു. ക്രിക്കറ്റ് ലോകത്തിന് ആ കാഴ്ച്ച പുതിയതായിരുന്നില്ല.
പണ്ട് അബ്ദുൽ ഖാദിർ എന്ന പാക്കിസ്ഥാനി റിസ്റ്റ് സ്പിന്നർ 16 വയസ്സുള്ള സച്ചിൻ തെൽഡുൽക്കറിനെ സ്ലെഡ്ജ് ചെയ്തിരുന്നു. ഒരു പ്രദർശന മത്സരത്തിൽ തകർത്തടിച്ചുകൊണ്ടിരുന്ന സച്ചിനോട് ഖാദിർ പറഞ്ഞിരുന്നു- ”പുതുമുഖ ബോളർമാരെ പ്രഹരിക്കുന്നതിൽ ഒരു കാര്യവുമില്ല. സാധിക്കുമെങ്കിൽ നീ എന്നെ അടിക്കൂ…!!”
ഖാദിറിൻ്റെ അടുത്ത ഓവറിൽ 28 റണ്ണുകളാണ് സച്ചിൻ വാരിക്കൂട്ടിയത്. വൈഭവിനെ നോക്കി ചിരിക്കുന്ന റഷീദിനെ കണ്ടപ്പോൾ ഞാൻ ചിന്തിച്ചിരുന്നു- ”സച്ചിൻ്റെ ശൈലിയിൽ മറുപടി നൽകാൻ വൈഭവിന് കഴിയുമോ!?” വൈഭവ് അതുതന്നെ പ്രവർത്തിച്ചു! റഷീദിനെ സ്ട്രെയിറ്റ് ബൗണ്ടറിയടിച്ചു. അഫ്ഗാൻ മാന്ത്രികൻ്റെ പന്തിനെ നിലംതൊടാതെ ഗാലറിയിൽ എത്തിച്ച് ശതകം തികച്ചു. ടി-20 ക്രിക്കറ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനായി.
വൈഭവ് നേരിട്ടത് ആഭ്യന്തര ബോളർമാരെയല്ല. ഗുജറാത്തിൻ്റെ ആയുധങ്ങൾക്ക് അന്താരാഷ്ട്ര നിലവാരമുണ്ടായിരുന്നു. ഒരാളെയും വൈഭവ് വെറുതെ വിട്ടില്ല! മുഹമ്മദ് സിറാജ് അധിക ബൗൺസും മൂവ്മെൻ്റും ഉത്പാദിപ്പിച്ച് വൈഭവിനെ ബുദ്ധിമുട്ടിച്ചു. പക്ഷേ സിറാജിൻ്റെ അടുത്ത പന്ത് ലോങ്ങ്-ഓണിനുമുകളിലൂടെ അദൃശമായി.
ഇന്ത്യയുടെ പ്രീമിയം സ്പിന്നറായ വാഷിങ്ങ്ടൺ സുന്ദറിനെതിരെ വൈഭവ് തുടർച്ചയായ സിക്സറുകൾ പായിച്ചപ്പോൾ കമൻ്ററി ബോക്സിൽനിന്ന് വിസിലടി ഉയർന്നു. കളിപറച്ചിലുകാർ കൈയ്യടിക്കാറുണ്ട്. പക്ഷേ അവർ വിസിലടിക്കുന്നത് അത്യപൂർവ്വ കാഴ്ച്ചയാണ്. പ്രസിദ് കൃഷ്ണ വൈഭവിനെ ഭയപ്പെടുത്താനാണ് തുനിഞ്ഞത്. നല്ല വേഗതയിൽ അയാൾ പന്തെറിഞ്ഞു. ബൗൺസറുകൾ വർഷിക്കപ്പെട്ടു. പ്രസിദ് വാക്കുകൾകൊണ്ടും വൈഭവിനെ എതിരിട്ടു.
പ്രസിദിനുള്ള പാരിതോഷികം ഉടനെ വന്നു-ലോങ്ങ്-ഓഫിനുമുകളിലൂടെ തകർപ്പൻ ഹിറ്റ്. അതും ബാക്ക്ഫൂട്ടിൽ!! ശ്രീലങ്കയിലും ബംഗ്ലാദേശിലുമെല്ലാം ലീഗ് ക്രിക്കറ്റ് കളിച്ച് പയറ്റിത്തെളിഞ്ഞവനാണ് കരീം ജാനത്. അയാൾ ദേശീയ ടീമിനുവേണ്ടിയും കുറേ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. പക്ഷേ വൈഭവിൻ്റെ മുന്നിൽ അയാൾ ഒരു സ്കൂൾ ബോളറെപ്പോലെ ചെറുതായി.
ഏറ്റവും ഭീകരമായി ശിക്ഷിക്കപ്പെട്ടത് ഇഷാന്ത് ശർമ്മയായിരുന്നു. ഇഷാന്തിൻ്റെ ഒരോവറിൽ 28 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്!! 17 വർഷങ്ങൾക്കുമുമ്പ് നടന്ന പെർത്ത് ടെസ്റ്റ് ഓർക്കുന്നില്ലേ? അന്ന് റിക്കി പോണ്ടിംഗ് എന്ന ഓസ്ട്രേലിയൻ നായകൻ 19 വയസ്സുകാരനായിരുന്ന ഇഷാന്തിൻ്റെ മുമ്പിൽ ശരിക്കും പതറി. ആ വിഖ്യാതമായ സ്പെല്ലിൻ്റെ സ്വാധീനം പ്രഥമ ഐ.പി.എൽ താരലേലത്തിൽ പ്രകടമായിരുന്നു. 2008-ൽ ഇഷാന്തിനെ സ്വന്തമാക്കുന്നതിനുവേണ്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 3.80 കോടി രൂപയാണ് ചെലവിട്ടത്. അങ്ങനെ ഇഷാന്ത് ഐ.പി.എല്ലിലെ ഏറ്റവും വിലയേറിയ ബോളറായി മാറി! അന്ന് വൈഭവ് ഈ ഭൂമിയിൽ ജനിച്ചിട്ടുപോലുമില്ലായിരുന്നു.
വേണമെങ്കിൽ ഇഷാന്തിന് വൈഭവിനോട് പറയാമായിരുന്നു- ”നിൻ്റെ പ്രായമാണ് മോനേ എൻ്റെ എക്സ്പീരിയൻസ്…!!” പക്ഷേ ദേഹം മുഴുവനും ഇടി കൊണ്ട് ചുവന്ന ബോക്സറുടെ അവസ്ഥയാണ് ഇപ്പോൾ ഇഷാന്തിനുള്ളത്! വൈഭവിനെതിരെ ഇഷാന്ത് എറിഞ്ഞ ഒരു പന്ത് സ്റ്റേഡിയത്തിൻ്റെ മേൽക്കൂരയിൽനിന്നാണ് കണ്ടെടുത്തത്!! കൊച്ചുപയ്യൻ്റെ പരാക്രമം കണ്ട് പരിഭ്രമിച്ച ഇഷാന്ത് വൈഡുകൾ എറിയുന്നതും കണ്ടു!!
Read more
ആരവങ്ങൾ അടങ്ങുമ്പോൾ എൻ്റെ കൺമുമ്പിൽ രണ്ട് ദൃശ്യങ്ങളുണ്ട്. സ്വന്തം ബോളറായ ഇഷാന്തിനെ പഞ്ഞിക്കിട്ട വൈഭവിനെ അഭിനന്ദിക്കുന്ന രാഹുൽ ടെവാട്ടിയയുടെ ചിത്രമാണ് ആദ്യത്തേത്. വൈഭവ് സെഞ്ച്വറി തികച്ചപ്പോൾ വീൽച്ചെയർ പോലും ഉപേക്ഷിച്ച് തുള്ളിച്ചാടുന്ന രാഹുൽ ദ്രാവിഡിൻ്റെ മുഖമാണ് രണ്ടാമത്തേത്. ആ ദൃശ്യങ്ങൾ വൈഭവ് ആരാണെന്ന് വിളിച്ചോതുന്നുണ്ട്. ടെവാട്ടിയ വൈഭവിനെ അഭിനന്ദിക്കുന്നത് കണ്ടപ്പോൾ ‘പഴശ്ശിരാജ’ എന്ന സിനിമയിലെ ക്ലൈമാക്സ് സീനാണ് ഓർമ്മവന്നത്. പഴശ്ശിയെ സല്യൂട്ട് ചെയ്തുകൊണ്ട് ബ്രിട്ടിഷ് പ്രഭു പറയുന്നു- ”അയാൾ നമ്മുടെ ശത്രുവായിരുന്നു. പക്ഷേ അയാൾ മഹാനായ മനുഷ്യനും ധീരനായ യോദ്ധാവുമാണ്. ഞങ്ങൾ അയാളെ ബഹുമാനിക്കുന്നു…!!”