ഐപിഎല്‍ 2025-ല്‍ ഇതിഹാസ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ വീണ്ടും ക്യാപ്റ്റന്റെ റോളില്‍ കാണാന്‍ കഴിഞ്ഞേക്കും. മുംബൈ ഇന്ത്യന്‍സ് തങ്ങള്‍ക്കായി 5 തവണ ഐപിഎല്‍ വിജയിച്ച ക്യാപ്റ്റനിലേക്ക് മടങ്ങുവാന്‍ ആഗ്രഹിക്കുന്നുവെന്ന് നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഇടം നല്‍കുന്നതിനായി രോഹിതിനെ കഴിഞ്ഞ വര്‍ഷം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മുംബൈ പുറത്താക്കിയിരുന്നു. എന്നാല്‍ ഹാര്‍ദ്ദിക്കിന് കീഴില്‍ പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത് ക്യാപ്റ്റനെന്ന നിലയില്‍ പാണ്ഡ്യയുടെ സ്ഥാനത്തിന് ചോദ്യങ്ങളുയര്‍ത്തി.
മുംബൈയ്ക്ക് കാര്യങ്ങള്‍ അനുകൂലമാക്കിമാറ്റുന്നതില്‍ പാണ്ഡ്യ പരാജയപ്പെടുകയും ആരാധകരുടെ കടുത്ത വിമര്‍ശനം നേരിടുകയും ചെയ്തതോടെ, രോഹിത് ശര്‍മ്മ വീണ്ടും ക്യാപ്റ്റനാകാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.
അതേസമയം, മുംബൈ ആരെയാക്കെയാണ് നിലനിര്‍ത്താന്‍ പോകുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. രോഹിത്തിന് പുറമേ ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ പേരുകള്‍ ആ ലിസ്റ്റില്‍ കാണുമെന്ന പ്രതീക്ഷിക്കപ്പെടുന്നു.