IPL 2025: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മിടുക്കനായ പരിശീലകൻ അവനാണ്, ബിസിസിഐ എങ്ങനെ എങ്കിലും അയാളെ ഇന്ത്യയുടെ പരിശീലകനാക്കണം: ഹർഭജൻ സിംഗ്‌

ഗുജറാത്ത് ടൈറ്റൻസ് (ജിടി) പരിശീലകനായി ആശിഷ് നെഹ്‌റ നടത്തുന്ന തകർപ്പൻ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഹർഭജൻ സിംഗ്. മുൻ താരം കാണിക്കുന്ന മികവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ പരിശീലക സ്ഥാനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) മുൻ പേസർ ആശിഷിനെ നിയമിക്കണം എന്ന്അ ദ്ദേഹം അഭിപ്രായപ്പെട്ടു.

2022 ലെ ആദ്യ സീസൺ മുതൽ നെഹ്‌റ ജിടി മുഖ്യ പരിശീലകനാണ്. ഗുജറാത്ത് ആദ്യ വർഷത്തിൽ തന്നെ ഐപിഎൽ കിരീടം നേടുകയും അടുത്ത സീസണിൽ റണ്ണേഴ്‌സ് അപ്പ് ആകുകയും ചെയ്തിരുന്നു.

നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ സീസണിലും മികവ് തുടരുന്ന ടീം നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്. ഇന്ത്യയെ പരിശീലിപ്പിക്കാൻ നെഹ്‌റയാണ് ഏറ്റവും നല്ല സ്ഥാനാർത്ഥിയെങ്കിലും, ഇന്ത്യൻ ടീമിന്റെ തിരക്കേറിയ ഷെഡ്യൂൾ കാരണം അദ്ദേഹം ആ ഓഫർ നിരസിച്ചേക്കാമെന്ന് ഹർഭജൻ അഭിപ്രായപ്പെട്ടു. തന്റെ ചാനലിൽ സംസാരിച്ച അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

“ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന് അദ്ദേഹത്തെക്കാൾ മികച്ച ഒരു പരിശീലകനില്ലെന്ന് ഞാൻ കരുതുന്നു. അദ്ദേഹം വളരെ മികച്ച ഒരു പരിശീലകനാണ്. ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് ബിസിസിഐ അദ്ദേഹത്തോട് ചോദിക്കണം. അത്രയും സമയം നൽകാൻ അദ്ദേഹത്തിന് കഴിയില്ല എന്നതിനാൽ അദ്ദേഹം സമ്മതിക്കുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ അദ്ദേഹത്തെക്കാൾ മികച്ച മറ്റൊരു ഓപ്ഷൻ ഇല്ല.”

2022 ൽ ജിടി വിജയിച്ചപ്പോൾ ഐപിഎൽ നേടിയ ആദ്യത്തെ ഇന്ത്യൻ ഹെഡ് കോച്ചായി നെഹ്‌റ മാറി എന്നത് എടുത്തുപറയേണ്ടതാണ്.