2011 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ, ഒരു മത്സരശേഷം താൻ നൽകിയ അഭിമുഖം കണ്ട് ഇന്ത്യൻ സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലി തനിക്ക് ഇപ്പോൾ അത് കാണുമ്പോൾ ബുദ്ധിമുട്ട് തോന്നുന്നു എന്നും ചിരി വരുന്നു എന്നും പറഞ്ഞിരിക്കുകയാണ്. ഡൽഹി ഡെയർഡെവിൾസിനെതിരെ (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) 38 പന്തിൽ നിന്ന് 56 റൺസ് നേടിയ കോഹ്‌ലി തന്റെ ആദ്യത്തെ ഐപിഎൽ പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് വാങ്ങുന്ന വീഡിയോയാണ് ക്ലിപ്പിൽ ഉള്ളത്.
ഡൽഹിയിലെ സ്വന്തം കാണികൾക്ക് മുന്നിൽ 22 വയസ്സുള്ള കോഹ്‌ലി നിറഞ്ഞാടി. ക്രിസ് ഗെയ്‌ലുമായി ചേർന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) 162 റൺസ് പിന്തുടരാൻ സഹായിച്ചു. എന്നിരുന്നാലും, 14 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ കോഹ്‌ലിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ആ ഇന്നിംഗ്സ് ആയിരുന്നില്ല, മറിച്ച് മത്സരശേഷം നൽകിയ അഭിമുഖത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായങ്ങളാണ്.
അന്ന് മത്സരശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെ;
“സത്യം പറഞ്ഞാൽ, ഞാൻ അങ്ങനെ ബാറ്റ് ചെയ്യാൻ പദ്ധതിയിട്ടിരുന്നില്ല. പക്ഷേ ഞാൻ പന്ത് നന്നായി അടിക്കാൻ തുടങ്ങിയപ്പോൾ, ഞാൻ ക്രിസിൽ( ഗെയിൽ) നിന്ന് ചുമതല ഏറ്റെടുത്തു. ഞങ്ങളുടെ പ്ലാൻ അതായിരുന്നു. നല്ല ഫോമിൽ കളിക്കുന്നതിനാൽ എനിക്ക് ഏത് ഷോട്ടും എങ്ങനെ വേണമെങ്കിലും അടിക്കാൻ സാധിക്കും” അദ്ദേഹം പഴയ അഭിമുഖത്തിൽ പറഞ്ഞു.
ഇപ്പോൾ തന്റെ പഴയ വീഡിയോ കാണുമ്പോൾ ഇപ്പോൾ നാണക്കേട് തോന്നുന്നു എന്നാണ് സ്റ്റാർ താരം പറഞ്ഞത് . തന്റെ അന്നത്തെ തെറ്റിദ്ധാരണയെയും പഴയ അഭിമുഖങ്ങളെ ഓർമ്മിപ്പിക്കാനും വിശകലനം ചെയ്യാനും ആരാധകരെ സഹായിച്ച സോഷ്യൽ മീഡിയയുടെ ശക്തിയെയും അദ്ദേഹം എടുത്തുകാണിച്ചു.
” ഇതൊക്കെ ഞാൻ പറഞ്ഞു എന്ന് ആലോചിക്കുമ്പോൾ സങ്കടം ഉണ്ട്. ക്രിസിന് നന്നായി കളിക്കാൻ എന്തിനാണ് എന്റെ സഹായം. അന്ന് ഇതൊക്കെ ഓർക്കാതെ ഓരോന്ന് പറഞ്ഞതാണ്. സോഷ്യൽ മീഡിയയുടെ പവർ ഇന്ന് ഒരുപാട് വളർന്നു. ആളുകൾ പഴയ അഭിമുഖമൊക്കെ തപ്പി എടുക്കാൻ തുടങ്ങി.”