IPL 2025: കൈയിൽ ഇരുന്ന വജ്രത്തെ കൊടുത്താണല്ലോ ഞാൻ ഈ വാഴക്ക് 27 കോടി മുടക്കിയത്, ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥയിൽ ഗോയെങ്ക; വീഡിയോ കാണാം

ഇന്നലെ ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തന്റെ മുൻ ടീമായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ (എൽഎസ്ജി) കെഎൽ രാഹുൽ മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ സീസണിൽ എൽഎസ്ജി ഉടമ സഞ്ജീവ് ഗോയങ്കയുമായുള്ള പ്രശ്നത്തിന് ശേഷം( അന്ന് രാഹുൽ ലക്നൗ താരമായിരുന്നു) എൽഎസ്ജിയെ ആദ്യമായി നേരിട്ട രാഹുൽ, 42 പന്തിൽ നിന്ന് 57 റൺസ് നേടി പുറത്താകാതെ നിന്നു. ഫലമോ, എട്ട് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 13 പന്തുകൾ ബാക്കി നിൽക്കെ മത്സരം ജയിച്ചു.

മത്സരത്തിന്റെ 18-ാം ഓവറിൽ രാഹുൽ സിക്സർ പറത്തി മത്സരം അവസാനിപ്പിക്കുക ആയിരുന്നു. ഇന്നിങ്സിൽ മൂന്ന് സിക്സുകൾ നേടിയ രാഹുൽ 12 ആം ഓവറിൽ ഐഡൻ മാർക്രാമിനെ പറത്തിയ സിക്സ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. സിക്സ് നേടിയതിന് പിന്നാലെ ക്യാമറകൾ പെട്ടെന്ന് ഗോയങ്കയെ കാണിക്കുക ആയിരുന്നു. ചിരിക്കണോ കരയണോ എന്ന് അറിയാത്ത രീതിയിൽ ഉള്ള റിയാക്ഷൻ ആയിരുന്നു അപ്പോൾ അദ്ദേഹത്തിൽ നിന്നും ഉണ്ടായത്.

എന്തായാലും മത്സരശേഷമാണ് രാഹുൽ കൂടുതലായി വാർത്തകളിൽ ഇടം നേടിയത്. മത്സരശേഷം എൽഎസ്ജി ഉടമ സഞ്ജീവ് ഗോയങ്ക രാഹുലിന് കൈ കൊടുക്കാൻ എത്തിയപ്പോൾ പേരിന് അദ്ദേഹത്തിന് കൈ കൊടുത്ത് അദ്ദേഹം പറയുന്നത് കേൾക്കാൻ താത്പര്യം ഇല്ലാതെ വേഗത്തിൽ നടന്നാണ് രാഹുൽ മധുരപ്രതികാരം വീട്ടിയത്. ആ നിമിഷം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റി, സംഭവത്തിന്റെ വീഡിയോ വൈറലായി. ഗോയങ്ക മകനൊപ്പം എതിരാളിയെ അഭിനന്ദിക്കാൻ എത്തുമ്പോൾ എനിക്ക് തന്നോട് ഒന്നും സംസാരിക്കാൻ ഇല്ലെന്ന ആറ്റിട്യൂട്ടിൽ ആയിരുന്നു രാഹുൽ നിന്നത്.

അറിയാത്തവർക്കായി, കഴിഞ്ഞ സീസണിൽ എൽഎസ്ജിക്കു വേണ്ടിയാണ് രാഹുൽ കളിച്ചിരുന്നത്. അന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിനോട് 10 വിക്കറ്റിന്റെ കനത്ത തോൽവിയെറ്റ് വാങ്ങിയ ശേഷം ലക്നൗ ഉടമ ഗോയെങ്ക പരസ്യമായി രാഹുലിനെ ശാസിക്കുന്നതും രാഹുൽ അതെല്ലാം കേട്ട് സങ്കടത്തിൽ നിൽക്കുന്ന വീഡിയോയൊക്കെ ഏറെ ചർച്ച ആയിരുന്നു.

എന്തായാലും ആ സീസണിന് ശേഷം രാഹുലിനെ ഒഴിവാക്കി 27 കോടി രൂപക്ക് ടീം പന്തിനെ ടീമിൽ എടുക്കുക ആയിരുന്നു . താരത്തിന് ആകട്ടെ ബാറ്റ് ചെയ്യാൻ ഇറങ്ങാനും ഉത്തരവാദിത്വം ഏറ്റെടുക്കാനും പേടിയാണെന്ന് ഇന്നലത്തെ മത്സരത്തിലൂടെയും വ്യക്തമായി . റൺ ഒന്നും എടുക്കാതെയാണ് താരം പുറത്തായത്.