ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയർത്തിയ 210 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം രാജസ്ഥാൻ 15.5 ഓവറിൽ മറികടന്നു. 14കാരൻ വൈഭവ് സുര്യവൻഷിയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് രാജസ്ഥാന്റെ വിജയം അനായാസമാക്കിയത്.
സുര്യവൻഷി 35 പന്തിൽ സെഞ്ച്വറി നേടി ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി എന്ന നേട്ടത്തിന്റെ അവകാശിയായി. ഇത് കൂടാതെ 11 സിക്സറുകളും 7 ഫോറുകളും അടക്കം തകർത്തുകളിച്ച ഇന്നിങ്സിന് ശേഷം ടി 20 ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനായി. 14 വയസ്സുള്ള അദ്ദേഹം യൂസഫ് പത്താന്റെ ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും വേഗതയേറിയ ഐപിഎൽ സെഞ്ച്വറി (37 പന്തുകൾ) എന്ന റെക്കോർഡും തകർത്തു.
റാഷിദ് ഖാൻ, ഇഷാന്ത് ശർമ്മ, മുഹമ്മദ് സിറാജ് എന്നിവർ അടങ്ങുന്ന ഗുജറാത്തിന്റെ പ്രമുഖ ബോളർമാർ എല്ലാം യുവതാരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. 1.10 കോടി രൂപയ്ക്ക് രാജസ്ഥാനിൽ എത്തിയ താരം ക്ലാസും മാസുമായി ഇന്നിംഗ്സ് കൊണ്ടുപോയി. സെഞ്ച്വറി നേട്ടത്തിന് പിന്നാലെ, പരിശീലകൻ രാഹുൽ ദ്രാവിഡിനെപ്പോലുള്ള ശാന്തനായ ഒരാൾ പോലും തന്റെ വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വീൽചെയറിൽ നിന്ന് എടുത്ത് ചാടി. കാലിൽ ഒടിവുമായി സീസണിൽ വന്ന അദ്ദേഹം വളരെ ബുദ്ധിമുട്ടിയായിരുന്നു നടന്നിരുന്നത്. എന്തായാലും പരിശീലകന് പോലും വേദന മറന്ന് സന്തോഷം നല്കാൻ താരത്തിനായി.
എന്തായാലും മത്സരശേഷം തന്റെ സന്തോഷം രേഖപ്പെടുത്തിയ താരം എതിരാളികൾക്ക് അപായ സൂചനയും നൽകി:
“ഐപിഎല്ലിൽ സെഞ്ച്വറി നേടുക എന്നത് ഒരു സ്വപ്നമാണ്. എനിക്ക് ഭയമില്ല. എന്റെ ജോലി, പ്രകടനം നടത്തുക എന്നതിനാൽ ആളുകൾ എന്ത് പറയും എന്നതിനെക്കുറിച്ച് ഞാൻ കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല,” വൈഭവ് പറഞ്ഞു.
“എന്റെ മൂന്നാമത്തെ ഐപിഎൽ മത്സരത്തിൽ സെഞ്ച്വറി നേടുന്നത് ഒരു നല്ല അനുഭവമാണ്. നാല് മാസമായി ഞാൻ പരിശീലനം നടത്തുന്നു. ഫലങ്ങൾ വന്നു തുടങ്ങിയത് സന്തോഷകരമാണ്. ഞാൻ ബൗളർമാരെ നോക്കാറില്ല, മത്സര സാഹചര്യത്തിലാണ് എന്റെ ശ്രദ്ധ,” അദ്ദേഹം കൂട്ടിച്ചേർത്തു.
വൈഭവ് തന്റെ ഓപ്പണിംഗ് പങ്കാളിയായ യശസ്വിയെയും പ്രശംസിച്ചു. “യശസ്വി ജയ്‌സ്വാളിനൊപ്പം ബാറ്റ് ചെയ്യുന്നത് എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഞാൻ ക്രീസിൽ ഉള്ളപ്പോൾ അദ്ദേഹം എന്നോട് സംസാരിച്ചുകൊണ്ടിരുന്നു, നല്ല കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു,” അദ്ദേഹം പറഞ്ഞു.
രാജസ്ഥാൻ റോയൽസിന്റെ സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ വാരിയെല്ലിന് പരിക്കേറ്റതിനാൽ ടീം മാനേജ്‌മെന്റ് അവരുടെ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ നിർബന്ധിതരായി, ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രകടനം കണക്കിലെടുക്കുമ്പോൾ തീരുമാനം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്.