IPL 2025: ആ നാണംകെട്ട റെക്കോഡ് ഞാൻ ഇങ്ങോട്ട് എടുക്കുവാ പന്ത് അണ്ണാ, എടാ താക്കൂറേ ഇത്രയും റൺ ഇല്ലെങ്കിൽ നിന്നെ....; നീളം കൂടിയ ഓവറിന് പിന്നാലെ കലിപ്പായി ലക്നൗ നായകൻ

ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയൻറ്സ് ആവേശകരമായ ജയം സ്വന്തമാക്കിയിരുന്നു. ആവേശം അവസാന ഓവറിലേക്ക് നീങ്ങിയ പോരിൽ 4 റൺസിനാണ് ജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 238 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 234 റൺ എടുത്തു.

ഇരുടീമിന്റെയും ബോളർമാർക്ക് കാര്യമായ ഒന്നും ചെയ്യാൻ ഇല്ലാത്ത മത്സരത്തിൽ ലക്നൗ സ്കോർ പിന്തുടരുമ്പോൾ ഓപ്പണർ ക്വിന്റൺ ഡികോക്ക് തുടക്കത്തിലെ പുറത്തായെങ്കിലും സുനിൽ നരെയ്ൻ, ക്യാപ്റ്റൻ രഹാനെ, വെങ്കടേഷ് അയ്യർ, റിങ്കു സിങ് എന്നിവരെല്ലാം തന്നെ കെകെആറിനായി തിളങ്ങി. 35 പന്തുകളിൽ എട്ട് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 61 റൺസാണ് മത്സരത്തിൽ രഹാനെ നേടിയത്. . വെങ്കടേഷ് അയ്യറിനൊപ്പം ചേർന്ന് ഒരുഘട്ടത്തിൽ കൊൽക്കത്തയെ വിജയതീരത്ത് എത്തിക്കുമെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു രഹാനെയുടെ പുറത്താവൽ. ശേഷവും കൊൽക്കത്ത പൊരുതി നോക്കിയെങ്കിലും അവസാനം വിജയവര കടക്കാനായില്ല.

അതിനിടയിൽ ലക്നൗ നായകൻ ഋഷഭ് പന്തിനെ പേടിപ്പിക്കുന്നതും ദേഷ്യം പിടിപ്പികുന്നതും ആയ ഒരു സംഭവം നടന്നു. കൊൽക്കത്ത ബാറ്റിങിടെയാണ് കാര്യം നടന്നത്. ഐപിഎൽ ചരിത്രത്തിൽ എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തിലെ ഏറ്റവും നീളം കൂടിയ ഓവറുമായി ലഖ്നൗ താരം ഷാർദുൽ താക്കൂർ ടീം ക്യാമ്പിൽ ഭീതി പറത്തിയത്.  മത്സരത്തിൽ 11 പന്തുകളാണ് ഷാർദുൽ എറിഞ്ഞത്. ഐപിഎല്ലിൽ മുമ്പ് മുഹമ്മദ് സിറാജും ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം തുഷാർ ദേശ്പാണ്ഡെയും ഓവറിൽ 11 പന്തുകൾ എറിഞ്ഞിട്ടുണ്ട്.

ഷാർദുലിന്റെ ഓവർ ശരിക്കും ഒരു കോമഡി സിനിമ പോലെ ആയിരുന്നു. ആദ്യ അഞ്ച് പന്തുകളും വൈഡ് എറിഞ്ഞാണ് ഷാർദുൽ തുടങ്ങിയത്. ഇത് പന്തിനെ ദേഷ്യം പിടിപ്പിച്ചു. ശേഷം ഷാർദുൽ എറിഞ്ഞ ആദ്യ രണ്ട് പന്തുകളിൽ സിംഗിൾ പിറന്നു. മൂന്നാം പന്തിൽ റൺസ് നേടാൻ കൊൽക്കത്ത താരങ്ങൾക്ക് കഴിഞ്ഞില്ല. പിന്നീട് ഉള്ള പന്തിൽ ഒരു ഫോറും ഒരു ഡബിളും പിറന്നു. അവസാന പന്തിൽ ഷാർദുലിന്റെ ഫുൾഡോസിൽ ബാറ്റുവെച്ച കൊൽക്കത്ത നായകൻ അജിൻക്യ രഹാനെയ്ക്ക് പിഴച്ചു. നിക്കോളാസ് പൂരന്റെ കൈകളിൽ സുരക്ഷിതമായി പന്ത് എത്തിയതോടെ സംഭവബഹുലമായ ഓവർ അവസാനിച്ചു. 11 പന്തുകളിൽ നിന്നായി 13 റൺ വഴങ്ങിയ താരം നിർണായക വിക്കറ്റും തൂക്കി.