IPL 2025: ചന്ദ്രലേഖയിൽ താമരപ്പൂവിൽ പാട്ടാണെങ്കിൽ ദ്രാവിഡിന് എഴുനേൽക്കാൻ ഒരു സിക്സ്, ഒരൊറ്റ സെഞ്ച്വറി കൊണ്ട് വൈഭവ് സുര്യവൻഷി തൂക്കിയ റെക്കോഡുകൾ നോക്കാം

വൈഭവ് സുര്യവൻഷി- ഈ 14 വയസുകാരൻ പയ്യൻ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമാണ്. മെഗാ ലേലത്തിൽ രാജസ്ഥാനിൽ എത്തിയപ്പോൾ മുതൽ എന്താണ് പയ്യൻ എന്നും എന്താണ് അവന്റെ റേഞ്ച് എന്നും അറിയാൻ ആളുകൾ ആഗ്രഹിച്ചിരുന്നു. എന്തായാലും ടീമിലെത്തി ആദ്യ കുറച്ച് മത്സരങ്ങൾ ബെഞ്ചിൽ ഇരുന്ന പയ്യൻ കളത്തിൽ ഇറങ്ങിയപ്പോൾ തീയാകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

14 വയസ്സും 23 ദിവസവും പ്രായമുള്ളപ്പോൾ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ രാജസ്ഥാൻ റോയൽസിനു വേണ്ടി സൂര്യവംശി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരൻ എന്ന റെക്കോഡ് സ്വന്തമാക്കി. 2008 ൽ ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റ് ആരംഭിച്ചതിനുശേഷം ജനിച്ച ആദ്യത്തെ ഐപിഎൽ കളിക്കാരനാണ് അദ്ദേഹം. തന്റെ അരങ്ങേറ്റ ഐപിഎൽ മത്സരത്തിൽ, ആദ്യ പന്തിൽ ഒരു സിക്സ് ഉൾപ്പെടെ 20 പന്തിൽ നിന്ന് 34 റൺസ് അദ്ദേഹം നേടി സ്പാർക്ക് തെളിയിക്കാൻ സാധിച്ചിരുന്നു താരത്തിന്.

ലീഗിൽ നിന്ന് ഇതിനകം തന്ന് ഏകദേശം പുറത്തായ രാജസ്ഥാന് ശേഷിക്കുന്ന മത്സരങ്ങൾ മാനം രക്ഷിക്കാനുള്ള പോരാട്ടമായിരുന്നു . ഇന്നലെ ഗുജറാത്തിനെതിരെ ഇറങ്ങുമ്പോൾ അവർ ഉയർത്തിയ കൂറ്റൻ സ്കോർ രാജസ്ഥാൻ പിന്തുടരില്ല എന്നാണ് ആദ്യം കരുതിയത് എങ്കിൽ ആ 209 റൺസ് ഞങ്ങൾക്ക് ഒരു സ്കോർ അല്ല എന്ന ആറ്റിട്യൂട്ടിൽ ആയിരുന്നു വൈഭവ്. വെറും 15 . 5 ഓവറിൽ പൂർത്തിയ റൺ ചെയ്‌സിൽ 35 പന്തിൽ നിന്നാണ് താരം സെഞ്ച്വറി നേട്ടത്തിൽ എത്തിയത്. ഒടുവിൽ 38 പന്തിൽ 101 റൺ നേടി മടങ്ങുമ്പോൾ സ്റ്റേഡിയം മുഴുവൻ യുവതാരത്തിനായി കൈയടിക്കുക ആയിരുന്നു. ഇത് കൂടാതെ ഇന്നലെ സോഷ്യൽ മീഡിയ ഏറ്റെടുത്ത മറ്റൊരു നിമിഷം ആയിരുന്നു ദ്രാവിഡിന്റെ ആഘോഷം.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്നതിന് മുമ്പുതന്നെ പരിക്കുപറ്റിയ ദ്രാവിഡ് വീൽചെയറിൽ ഇരുന്നായിരുന്നു ടീമിന്റെ കാര്യങ്ങൾ നിയന്ത്രിച്ചത്. എന്നാൽ വൈഭവ് സെഞ്ച്വറി നേടിയതിന് പിന്നാലെ തന്റെ വേദനയൊക്കെ മറന്ന് കുതിച്ചുചാടി ആഘോഷിക്കുന്ന ദ്രാവിഡിനെ കാണാൻ സാധിച്ചു. സീസണിലെ രാജസ്ഥാന്റെ മോശം പ്രകടനത്തിന് ഒരുപാട് പഴി കേട്ട ദ്രാവിഡിന് ഇത് ആശ്വാസം നൽകുന്ന നേട്ടമാണെന്ന് പറയാം.

എന്തായാലും തന്റെ ഇന്നലത്തെ ഇന്നിങ്സിൽ വൈഭവ് തൂക്കിയ റെക്കോഡുകൾ നോക്കാം:

* ഒരു ടി20 സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം (14 വയസ്സ് 32 ദിവസം)

* ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറി (35 പന്തുകൾ)

* ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി (35 പന്തുകൾ)

Read more

* ഐപിഎൽ ഇന്നിംഗ്സിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും കൂടുതൽ സംയുക്ത സിക്സറുകൾ (11)