ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ 2025 മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് സ്ലോ ഓവർ റേറ്റ് നിലനിർത്തിയതിന് 24 ലക്ഷം രൂപ ഐപിഎൽ പിഴായായി ചുമത്തി. ജിടിയോട് 58 റൺസിന്റെ തോൽവിയിലേക്ക് കൂപ്പുകുത്തിയ രാജസ്ഥാൻ റോയൽസിന് സ്ലോ ഓവർ നിരക്കിന് പിഴ കൂടി കിട്ടിയതിനാൽ ഇന്നലെ മോശം ദിവസമായിരുന്നു. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാൻ റോയൽസിന് പിഴ കിട്ടുന്നത് ഈ സീസണിൽ ഇത് രണ്ടാം തവണയാണ്. നേരത്തെ, ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിന് ശേഷം, സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ റിയാൻ പരാഗിന് 12 ലക്ഷം രൂപ പിഴ കിട്ടിയിരുന്നു. “ഇംപാക്ട് പ്ലെയർ ഉൾപ്പെടെ പ്ലെയിംഗ് ഇലവനിലെ ബാക്കിയുള്ള അംഗങ്ങൾക്ക് ആറ് ലക്ഷം രൂപയോ അവരുടെ മാച്ച് ഫീസിന്റെ 25 ശതമാനമോ, ഏതാണോ കുറവ് അത് പിഴ ചുമത്തും,” ഐപിഎൽ മാധ്യമക്കുറിപ്പിൽ പറയുന്നു.
അതേസമയം, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് (ജിടി) 58 റൺസിന് പരാജയപ്പെട്ട ശേഷം സംസാരിച്ചപ്പോൾ നിർണായക നിമിഷങ്ങളിൽ കളി കൈവിട്ടു പോയെന്ന് സാംസൺ സമ്മതിച്ചു. 218 റൺസ് എന്ന ഭീമാകാരമായ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19.2 ഓവറിൽ 159 റൺസിന് ഓൾഔട്ടായി. ഗുജറാത്ത് ബൗളർമാർ കൃത്യമായ പദ്ധതികളിൽ പന്ത് എറിഞ്ഞപ്പോൾ രാജസ്ഥാന് ഉത്തരം ഒന്നും ഉണ്ടായിരുന്നില്ല.
തോൽവിക്ക് ശേഷം സംസാരിച്ച സാംസൺ, ബാറ്റിംഗിലും പന്തിലും ഒരുപോലെ പ്രകടനം കാഴ്ചവയ്ക്കുന്നതിലെ പിഴവുകൾ ചൂണ്ടിക്കാട്ടി. “ബൗളിംഗിൽ ഞങ്ങൾ 15-20 റൺസ് അധികമായി വിട്ടുകൊടുത്തു,” അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ നന്നായി കളിച്ചു വന്നപ്പോൾ, ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഹെറ്റി [ഷിമ്രോൺ ഹെറ്റ്മെയർ] സിക്സറുകളും ഫോറുകളും അടിച്ചുകൊണ്ടിരുന്നു. പക്ഷേ എന്റെ വിക്കറ്റ് പോയത് പണിയായി. അവിടെയാണ് ഞങ്ങൾ കളി തോറ്റത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
28 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 41 റൺസ് നേടിയ സാംസൺ മികച്ച പ്രകടനം കാഴ്ചവച്ചു. ഗുജറാത്തിന്റെ അച്ചടക്കമുള്ള ബൗളിംഗ് രാജസ്ഥാൻ ടോപ് ഓർഡറിനെ തകർത്തപ്പോൾ പിന്നെ പ്രതീക്ഷ സഞ്ജുവിലായി. താരം അനാവശ്യ ഷോട്ട് കളിച്ച് അത് നശിപ്പിച്ചതോടെ പിന്നെ രാജസ്ഥാൻ തോൽവി ഉറപ്പിച്ചു.