ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 58 റൺസിന്റെ തോൽവി. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ രാജസ്ഥാന് വേണ്ടി സഞ്ജുവും, ഷിംറോണും പൊരുതിയെങ്കിലും അവസാനം നിരാശയായിരുന്നു ഫലം.
നാളുകൾ ഏറെയായി മോശമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കുന്ന താരമാണ് യശസ്‌വി ജയ്‌സ്വാൾ. ഇന്നലെ നടന്ന മത്സരത്തിലും അദ്ദേഹം ആ പതിവ് തെറ്റിച്ചില്ല. 7 പന്തിൽ 1 ഫോർ അടക്കം 6 റൺസ് നേടി താരം മടങ്ങി. മുൻ സീസണുകളിൽ ജയ്‌സ്വാൾ ഗംഭീര പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ ആരാധകർ പ്രതീക്ഷിച്ചതിന് നേരെ വിപരീതമായിട്ടാണ് അദ്ദേഹത്തിന്റെ പ്രകടനം.
രാജസ്ഥാന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ 28 പന്തിൽ 2 സിക്‌സും, 4 ഫോറും അടക്കം 41 റൺസ് നേടി. കൂടാതെ ഷിംറോൺ ഹെട്മയർ 32 പന്തിൽ 3 സിക്‌സും, 4 ഫോറും ഉൾപ്പടെ 52 റൺസ് നേടി. എന്നാൽ മറ്റു ബാറ്റ്‌സ്മാന്മാരും, ബോളർമാരും മോശമായ പ്രകടനം കാഴ്ച വെച്ചതിലൂടെയാണ് രാജസ്ഥാന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.