ഐപിഎൽ 2025: ഇംഗ്ലണ്ട് താരത്തെ ടീമിലെത്തിച്ച് ഡൽഹി ക്യാപിറ്റൽസ്, നിയോഗം പഴയൊരു ചീത്തപ്പേര് തിരുത്തൽ

വരാനിരിക്കുന്ന ഐപിഎൽ 2025 സീസണിന് മുന്നോടിയായി, ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്സണെ ടീമിന്റെ പുതിയ ഉപദേഷ്ടാവായി ഡൽഹി ക്യാപിറ്റൽസ് ഫ്രാഞ്ചൈസി പ്രഖ്യാപിച്ചു. ഫെബ്രുവരി 27 വ്യാഴാഴ്ച അവരുടെ ഡിസി ഫാൻസഭ ആപ്പ് വഴിയാണ് പ്രഖ്യാപനം നടത്തിയത്. ഹെഡ് കോച്ച് ഹേമംഗ് ബദാനി, അസിസ്റ്റന്റ് കോച്ച് മാത്യു മോട്ട്, ബൌളിംഗ് കോച്ച് മുനാഫ് പട്ടേൽ, ക്രിക്കറ്റ് ഡയറക്ടർ വേണുഗോപാല് റാവു എന്നിവരുമായി 44 കാരൻ കൈകോർക്കും.

2016ൽ അവസാനമായി ഐപിഎല്ലിൽ കളിച്ച പീറ്റേഴ്സൺ ആദ്യമായി പരിശീലകനാകുകയാണ്. 2009 മുതൽ 2016 വരെ ഡൽഹി (അന്ന് ഡെയർഡെവിൾസ് എന്നറിയപ്പെട്ടിരുന്നു) ഉൾപ്പെടെ മൂന്ന് ഐപിഎൽ ടീമുകൾക്ക് വേണ്ടി കളിച്ച അദ്ദേഹം 17 തവണ ക്യാപ്റ്റനായി. 2009 ലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ കുറച്ചുകാലം നയിച്ച അദ്ദേഹം 2014 ൽ ഒരു സീസൺ മുഴുവൻ ഡൽഹി ഡെയർഡെവിൾസിനെ നയിച്ചു. അന്ന് 14 മത്സരങ്ങളിൽ രണ്ട് വിജയങ്ങളുമായി അവർ അവസാന സ്ഥാനത്താണ് ഫിനീഷ് ചെയ്തത്. അതിനാൽ ടീമിലേക്ക് മെന്റർ റോളിൽ തിരിച്ചെത്തുമ്പോൾ ഈ ചീത്തപ്പേര് കൂടി താരത്തിന് തിരുത്തേണ്ടി വരും.

2014 ൽ ഡൽഹിയെ നയിച്ചതു മുതൽ ഡൽഹി ക്യാപിറ്റൽസ് ഫ്രാഞ്ചൈസിയുടെ സഹ ഉടമകളായ ജിഎംആറിന്റെ ചെയർമാൻ കിരൺ കുമാർ ഗ്രാൻധിയുമായി പീറ്റേഴ്സൺ ബന്ധം പുലർത്തുന്നുണ്ട്. ബിഗ് ബാഷ് ലീഗ് (ബിബിഎൽ), പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ), കരീബിയൻ പ്രീമിയർ ലീഗ് (സിപിഎൽ) എന്നിവയിലും പീറ്റേഴ്സൺ കളിച്ചിട്ടുണ്ട്. ആകെ 200 ടി20 മത്സരങ്ങൾ കളിച്ച അദ്ദേഹം 137 സ്ട്രൈക്ക് റേറ്റിലും 33.89 ശരാശരിയിലും 5695 റൺസ് നേടി.

2024 ടൂർണമെന്റിൽ ആറാം സ്ഥാനത്തെത്ത് ഫിനീഷ് ചെയ്ത ടീം മെ​ഗാ ലേലത്തിന് മുന്നോടിയായി അവരുടെ വിലയേറിയ കളിക്കാരെ ഉപേക്ഷിക്കുകയും അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്റ്റാൻ സ്റ്റബ്സ്, അഭിഷേക് പോറെൽ എന്നിവരെ മാത്രം നിലനിർത്തുകയും ചെയ്തു. ശേഷം, കെ. എൽ. രാഹുൽ, ഹാരി ബ്രൂക്ക്, ഫാഫ് ഡു പ്ലെസിസ്, മിച്ചൽ സ്റ്റാർക്ക് എന്നീ പ്രമുഖരെ വാങ്ങി ‌ഡൽഹി തങ്ങളുടെ ടീം വിപുലീകരിച്ചു. എന്നിരുന്നാലും വരാനിരിക്കുന്ന സീസണിലെ തങ്ങളുടെ ക്യാപ്റ്റനെ ഫ്രാഞ്ചൈസി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Read more