IPL 2025: എൻ വഴി കോഹ്‌ലി വഴി, വിരാടിന്റെ അതെ സ്റ്റൈലിൽ തീരുമാനം എടുത്ത് കെഎൽ രാഹുലും; ഒപ്പം നൽകിയിരിക്കുന്നത് വമ്പൻ സൂചന

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിനുള്ള തയ്യാറെടുപ്പുകൾ ടീമുകൾ ആരംഭിച്ചു കഴിഞ്ഞു. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുത്ത ഇന്ത്യൻ കളിക്കാരെ കൂടാതെ, മറ്റ് സീനിയർ താരങ്ങളും പ്രീ-സീസൺ ക്യാമ്പുകളിൽ ചേർന്നു. പതിനെട്ടാം സീസണിലേക്കുള്ള ക്യാപ്റ്റനെ പ്രഖ്യാപിക്കാത്ത ഒരേയൊരു ടീം ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് മാത്രമാണ്. കെഎൽ രാഹുൽ, അക്സർ പട്ടേൽ, ഫാഫ് ഡു പ്ലെസിസ് എന്നിവരാണ് ക്യാപ്റ്റൻസി ഏറ്റെടുക്കാനുള്ള താരങ്ങളിൽ മുന്നിൽ. ഇവരിൽ പതിനെട്ടാം സീസണിൽ ഡിസിയെ നയിക്കാനുള്ള മത്സരത്തിൽ രാഹുലും അക്സറും മുന്നിലാണ്.

റിപ്പോർട്ട് പ്രകാരം, ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ രാഹുൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനാകാനുള്ള ഓഫർ നിരസിച്ചു. രാഹുൽ നായക സ്ഥാനം വേണ്ട എന്ന് പറഞ്ഞ സ്ഥിതിക്ക് അക്‌സർ നായകനായേക്കും എന്ന് ഉറപ്പാണ് “ഐ‌പി‌എൽ 2025 ൽ അക്‌സർ പട്ടേൽ ക്യാപിറ്റൽസിന്റെ ക്യാപ്റ്റനാകാൻ സാധ്യതയുണ്ട്. ഫ്രാഞ്ചൈസി കെ‌എൽ രാഹുലിനെ ക്യാപ്റ്റനാക്കാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ വരാനിരിക്കുന്ന ടൂർണമെന്റിൽ ബാറ്റ്‌സ്മാനായി കളിക്കാൻ മാത്രം ആണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞ് അദ്ദേഹം ഓഫർ നിരസിച്ചു,” വൃത്തങ്ങൾ ഐ‌എ‌എൻ‌എസിനോട് പറഞ്ഞു.

ഐപിഎല്ലിൽ ഇതുവരെ ഒരു ഫ്രാഞ്ചൈസിയെയും നയിച്ചിട്ടില്ല അക്സർ. പാകിസ്ഥാനിലും ദുബായിലും നടന്ന ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ അദ്ദേഹം ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. അതാണ് അദ്ദേഹത്തിന്റെ ആകെയുള്ള പരിചയസമ്പത്തും.

രാഹുലിന് ആകട്ടെ നായകൻ എന്ന നിലയിൽ ഒരുപാട് മത്സരങ്ങൾ വിവിധ ടീമുകളെ നയിച്ച പരിചയമുണ്ട്. പഞ്ചാബ് കിംഗ്‌സിനെയും ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെയും മുമ്പ് അദ്ദേഹം നയിച്ചിട്ടുണ്ട്. ഇത് കൂടാതെ ഇന്ത്യയെയും പല മത്സരങ്ങളിലും അദ്ദേഹം നയിച്ചിട്ടുണ്ട്.

ബാംഗ്ലൂരിനെ നയിക്കാനുള്ള ഓഫർ വന്നപ്പോൾ അത് വേണ്ട തനിക്ക് ബാറ്റ്‌സ്മാനായി കളിക്കാനാണ് ഇഷ്ടം എന്ന് പറഞ്ഞ കോഹ്‌ലിയുടെ അതെ വഴിയാണ് ഇപ്പോൾ രാഹുലും തിരഞ്ഞെടുത്തിരിക്കുന്നത്.

Read more