ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്ജി) ഉടമ സഞ്ജീവ് ഗോയങ്ക മറ്റൊരു പ്രീമിയർ ലീഗ് ടീമായ മുംബൈ ഇന്ത്യൻസ് (എംഐ) ഉടമ നിത അംബാനിയുടെ ടീം ബിൽഡിംഗ് സമീപനത്തെ അഭിനന്ദിച്ചു. താനും ഇതേ തത്വശാസ്ത്രം പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ ഇതുവരെ വിജയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഏറ്റവും കൂടുതൽ കിരീടങ്ങൾ വിജയിച്ച ടീമുകളാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) അഞ്ച് കിരീടങ്ങൾ വീതം ഇരുടീമുകളും നേടിയിട്ടുണ്ട്. യുവാക്കളെ ഇന്ത്യൻ ടീമിൽ എത്തിക്കുന്നതിൽ മുംബൈ ഈ കാലഘട്ടത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. യുവാക്കൾക്ക് വലിയ അവസരവും ടീം നൽകിയിട്ടുണ്ട്.
ലക്നൗ ഉടമ പറഞ്ഞത് ഇങ്ങനെ:
“രോഹിത് (ശർമ്മ), വിരാട് (കോഹ്‌ലി), (എംഎസ്) ധോണി എന്നിവർ വലിയ ബ്രാൻഡുകളാണ്. ഇതുവരെ, സ്പോൺസർമാരെയോ പരസ്യദാതാക്കളെയോ വളരെയധികം ആകർഷിക്കുന്ന ഒരു കളിക്കാരൻ പോലും ലഖ്‌നൗവിൽ ഞങ്ങൾക്കില്ലായിരുന്നു. ഋഷഭ് പന്തിന് (പന്ത്) തീർച്ചയായും ആ ഫാക്ടർ ഉണ്ട്. അതുകൊണ്ട് തന്നെ അവന്റെ വരവ് ഞങ്ങൾക്ക് നേട്ടമാണ് ”അദ്ദേഹം പ്രതികരിച്ചു.
“എനിക്ക് ശക്തമായ ഒരു ഇന്ത്യൻ കോർ കെട്ടിപ്പടുക്കാൻ ആഗ്രഹമുണ്ട്. മുംബൈയിലേക്ക് നോക്കുമ്പോൾ, നിത അംബാനി ചെയ്തതുപോലെ ഒരു ഫ്രാഞ്ചൈസി ഉടമയും ചെയ്തിട്ടില്ലെന്ന് എനിക്ക് തോന്നുന്നു. ഞാൻ അവരെ അഭിനന്ദിക്കുന്നു, ബഹുമാനിക്കുന്നു, പിന്തുടരാൻ ആഗ്രഹിക്കുന്നു, പക്ഷേ എനിക്ക് അവരുടെ അത്ര എത്താൻ പറ്റിയിട്ടില്ല” ഗോയങ്ക കൂട്ടിച്ചേർത്തു.
ലീഗിൽ എത്തി 4 വർഷങ്ങൾ പൂർത്തിയായ ടീം ഇതുവരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുണ്ട്.